തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയ 71742 കുട്ടികളിൽ 56599 പേരും, ഫാർമസി പരീക്ഷയെഴുതിയ 52145 പേരിൽ 44390 കുട്ടികളും യോഗ്യത നേടി.
480 മാർക്കിന്റെ ഓരോ പേപ്പറിനും പത്ത് മാർക്കെങ്കിലും ലഭിച്ചവരെ പട്ടികയിൽ ഉൾപ്പെടുത്തി. 2094 വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്. എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ വിദ്യാർത്ഥികൾ 10ന് വൈകിട്ട് 5നകം യോഗ്യതാ പരീക്ഷയുടെ മാർക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. മാർക്ക് ഏകീകരണത്തിനു ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഫാർമസി റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഹെൽപ്പ് ലൈൻ- 0471-2525300