vaccine-

ന്യൂഡൽഹി: കൊവിഡിനെതിരെയുളള ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറൽ നോട്ടീസ് അയച്ചു. ഓക്സ്ഫോഡ് വാക്സിൻ പരീക്ഷിച്ച ഒരാളിൽ അജ്ഞാതരോഗം കണ്ടെത്തിയതിയതിനെ തുടർന്ന് മറ്റുരാജ്യങ്ങൾ വാക്സിൻ പരീക്ഷണം നിറുത്തിവച്ചകാര്യം ഡ്രഗ്സ് കൺട്രോളറെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്.

പരീക്ഷണ വാക്സിൻ കുത്തിവച്ച ആളിൽ അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നിറുത്തിവയ്ക്കാത്തത് എന്തുകൊണ്ടാണെന്നും നോട്ടീസിൽ ചോദിച്ചു. കാര്യങ്ങൾ വ്യക്തമായി വിശദമാക്കണമെന്നും ഡ്രഗ്സ് കൺട്രോളർ ജനറൽ നോട്ടീസിൽ ആവശ്യപ്പെട്ടു.

അതേസമയം പരീക്ഷണം നിറുത്തിവയ്ക്കാൻ തങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല. ​ഡ്ര​ഗ് കൺട്രോളർ ജനറലിന് ആശങ്കയുണ്ടെങ്കിൽ, നിർദ്ദേശങ്ങൾ പാലിക്കാം. ഡ്ര​ഗ് കൺട്രോളറുടെ മാർഗ്ഗനിർദേശങ്ങൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.

വാക്സിൻ നിർമാതാക്കളായ ബ്രിട്ടീഷ് മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയിൽ പരീക്ഷണം നിറുത്തി വച്ചിരിക്കുകയാണ്. എന്നാൽ അമേരിക്കയില്‍ മരുന്നു പരീക്ഷണം നിറുത്തിയത് താത്കാലികമാണെന്നും ഇന്ത്യയില്‍ പരീക്ഷണം തുടരുമെന്നുമാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലപാട്. പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു.