bineesh-kodiyeri

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഇന്നലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിൽ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

നയതന്ത്ര സ്വർണക്കടത്ത്, ബംഗളൂരു ലഹരിക്കേസ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡിയുടെ ചോദ്യം ചെയ്യൽ. രണ്ടു കേസുകളിലെയും പ്രതികളുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് രേഖകൾ നിരത്തി ഇ.ഡി ചോദിച്ചത്. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബംഗളൂരുവിൽ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്ന് ബിനീഷ് പറ‌ഞ്ഞു.

തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റിന് സമീപം തുടങ്ങിയ യു.എ. എഫ്.എക്സ് സൊലൂഷൻസിന്റെ ഡയറക്‌ടറായ അബ്ദുൾ ലത്തീഫുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി ചോദിച്ചറിഞ്ഞു. വിസ സ്‌റ്റാമ്പിംഗ് ദിർഹത്തിൽ സ്വീകരിക്കുന്ന ഈ സ്ഥാപനം വഴിയാണ് യു.എ.ഇ ഏജൻസികൾ കേരളത്തിൽ നടപ്പാക്കിയ പദ്ധതിയുടെ 7 ലക്ഷം രൂപയുടെ കമ്മിഷൻ ലഭിച്ചതെന്ന് സ്വർണക്കടത്ത് പ്രതി സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു.