sanjana

ബംഗളൂരു: കന്നഡ സിനിമാലോകത്തെ പിടിച്ചുലച്ച മയക്കുമരുന്ന് കേസിന്റെ അന്വേഷണം ബംഗളൂരുവിലെ രാഷ്ട്രീയ നേതാക്കളിലേക്കും നീളുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കന്നഡയിലെ മുൻനിര നടി രാഗിണി ദ്വിവേദിയുടെയും സഞ്ജന ഗൽറാണിയുടെയും രാഷ്ട്രീയ ബന്ധങ്ങളുടെ ചുവട് പിടിച്ചാണ് അന്വേഷണം ആ തലത്തിലേക്ക് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് വ്യാപിപ്പിക്കുന്നത്. കർണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ എന്നിവർ രാഗിണിക്കും സഞ്ജനയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

അന്വേഷിക്കുന്നത് രാഷ്ട്രീയ - മയക്കുമരുന്ന് മാഫിയാ ബന്ധം

ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളുമായി നടിമാരും ബിസിനസുകാരും അടുത്ത ബന്ധം പുലർത്തുന്നവരാണ്. അതിനാൽ തന്നെ മയക്കുമരുന്ന് കടത്തിന് രാഷ്ട്രീയ പിൻബലം ലഭിച്ചിട്ടുണ്ടെന്ന് സി.സി.ബി ഉറച്ചു വിശ്വസിക്കുന്നു. ബംഗളൂരൂ കോട്ടൻപെറ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രാഗിണി ദ്വിവേദിയും വീരേൻ ഖന്നയും അടക്കം 12 പ്രതികളാണുള്ളത്. സഞ്ജന ഗൽറാണി കേസിൽ 14ാം പ്രതിയാണ്. കേസിലെ ഒന്നാംപ്രതിയായ നിർമ്മാതാവ് ശിവപ്രകാശ്,​ ആറാം പ്രതിയും അന്തരിച്ച മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനായ ആദിത്യ ആൽവ എന്നിവർ ഒളിവിലാണ്. ഇരുവർക്കും വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ആദിത്യയെ പിടികൂടിയാൽ രാഷ്ട്രീയ രംഗത്തെ 'വമ്പന്മാ'രുടെ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.സി.ബി. മയക്കുമരുന്ന് ഇടപാടിലൂടെ രാഷ്ട്രീയ നേതാക്കൾക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടെങ്കിൽ ഇതേക്കുറിച്ച് സി.ബി.ഐയോ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റോ അന്വേഷിച്ചേക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.സി.ബിക്ക് നേരിട്ട് അന്വേഷിക്കാനാവില്ലെന്നതാണ് ഇതിനു കാരണം. സഞ്ജന പ്രമുഖർക്കൊപ്പം നടത്തിയ വിദേശയാത്രകളുടെ വിവരങ്ങളും ചോദ്യം ചെയ്യലിൽ അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ബംഗളൂരുവിൽ നടത്തിയ പാർട്ടികളിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇതിനായി ഇവർ നടത്തിയ നിശാപാർട്ടികളുടെ വീഡിയോ ദൃശ്യങ്ങളും പരിശോധിക്കാൻ സി.സി.ബി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയേയും വിശദമായി ചോദ്യം ചെയ്തു വരുന്നു. രാഗിണിയേയും സഞ്ജനയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്.

രാഗിണി ബി.ജെ.പിയുടെ താരപ്രചാരക
2019ൽ കർണാടകയിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താരപ്രചാരകയായിരുന്നു രാഗിണി ദ്വിവേദി. ഇക്കാര്യം കോൺഗ്രസും നേരത്തെ ആരോപിച്ചിരുന്നു. യെദിയൂരപ്പ മന്ത്രിസഭയിൽ ഇപ്പോൾ മന്ത്രിയായ കെ.സി.നാരായണ ഗൗഡ കോട്ടൻപെറ്റിൽ മത്സരിച്ചപ്പോഴാണ് രാഗിണി അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനെത്തിയത്. റോഡ് ഷോകളിലും മറ്റും പങ്കെടുത്ത രാഗിണി,​ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര അടക്കമുള്ള നേതാക്കൾക്കൊപ്പം വീടുകൾ തോറും കയറിയുള്ള പ്രചാരണത്തിലും പങ്കെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാർത്തിക് രാജ് ബി.ജെ.പിയുടെ യുവമോർച്ച അംഗമാണെന്ന് റിപ്പോർട്ടുണ്ട്.