p-j-joseph-pc-thomas

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നവും പേരും ജോസ് വിഭാഗത്തിന് നൽകിയതോടെ വെട്ടിലായ ജോസഫ് വിഭാഗം പുതിയ നീക്കങ്ങൾ നടത്തുന്നതായി വിവരം. നിയമപരമായി ഹൈക്കോടതിയെ സമീപിച്ചതിന് പുറമേയാണ് ജോസഫ് വിഭാഗം നേതാക്കൾ രാഷ്ട്രീയ നീക്കങ്ങളും സജീവമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് എൻ.ഡി.എയിൽ നിൽക്കുന്ന പി.സി തോമസ് വിഭാഗമാണ്. പി.സി തോമസ് വിഭാഗവുമായി ഒന്നിച്ച് യഥാർത്ഥ കേരള കോൺഗ്രസെന്ന പേര് കൈവശമാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ കരുനീക്കം.

യഥാർത്ഥ കേരള കോൺഗ്രസെന്ന പേര് സ്വന്തമാക്കി പേരും ചിഹ്നവും നഷ്‌ടപ്പെട്ടതിന്റെ ക്ഷീണം വീണ്ടെടുക്കുകയാണ് പി.ജെ ജോസഫിന്റേയും കൂട്ടരുടെയും ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗത്തിലെ നേതാക്കളും പി.സി തോമസും തമ്മിൽ അനൗദ്യോഗിക ചർച്ചകളും നടന്നു. എന്നാൽ മുന്നണി മാറ്റമാണ് നേതാക്കളെ കുഴ‌യ്‌ക്കുന്ന പ്രധാന വിഷയം. പി.ജെ ജോസഫിനോട് എൻ.ഡി.എയിലേക്ക് വരാനാണ് പി.സി തോമസ് പറയുന്നത്. ജോസഫിനും ഒപ്പമുള്ളവർക്കും എൻ.ഡി.എ പ്രവേശനം എന്നത് ആത്മഹത്യാപരമാണ്.

പി.സി തോമസിനോട് യു.ഡി.എഫിലേക്ക് വരാനാണ് ജോസഫ് വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ എൻ.ഡി.എ വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാൻ അദ്ദേഹം ഒരുക്കമല്ല. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ നിർത്തിവച്ചിരിക്കുകയാണ്. അതേസമയം തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ചർച്ചകൾ തുടരുമെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നത്.

ജോസഫ് വിഭാഗത്തിലെ നേതാക്കൾക്ക് യഥാർത്ഥ കേരള കോൺഗ്രസെന്ന് പേര് കിട്ടിയാൽ കൊള്ളാമെന്നുണ്ടെന്ന് പി.സി തോമസ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. അവരിൽ പലർക്കും കേരള കോൺഗ്രസെന്ന പേര് ഇഷ്‌ടമാണ്. ഔദ്യോഗികമായ ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. കേരള കോൺഗ്രസുകളുടെ യോജിപ്പിനായി ഒരു കാലത്ത് ചർച്ച നടത്തിയ പി.ജെ ജോസഫും ജോണി നെല്ലൂരും ഫ്രാൻസിസ് ജോർജും എല്ലാം ഇപ്പോൾ ഒന്നിച്ച് നിൽക്കുന്നുവെന്നത് പ്രതീക്ഷയുള്ള കാര്യമാണ്. പക്ഷേ തങ്ങളെ സംബന്ധിച്ച് മുന്നണി മാറ്റമാണ് പ്രധാന തടസമെന്നും പി.സി തോമസ് വ്യക്തമാക്കി.