ന്യൂഡൽഹി: റാഫേല്‍ വിമാനങ്ങള്‍ ഓദ്യോഗികമായി സൈന്യത്തിന്റ ഭാഗമായി. അംബാലയിലെ വ്യോമസേനാ കേന്ദ്രത്തിലാണ് ചടങ്ങുകൾ നടന്നത്. ആദ്യ ബാച്ചിലെ അഞ്ച് റാഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയായി.
റാഫേൽ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്പരാഗത 'സർവധർമ പൂജ', റാഫേൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, 'സാരംഗ് എയ്റോബാറ്റിക് ടീം' നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. വ്യോമസേനയുടെ പുതിയ പക്ഷി എന്നാണ് ഐ എ എഫ് തങ്ങളുടെ ട്വീറ്റിൽ റാഫേലിനെ വിശേഷിപ്പിച്ചത്.
#WATCH Defence Minister Rajnath Singh and Minister of Armed Forces of France Florence Parly leave for #Ambala to take part in #Rafale induction ceremony pic.twitter.com/bOekgI2Ale
— ANI (@ANI) September 10, 2020
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ. എസ്. ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡി.ആർ.ഡി.ഒ. ചെയർമാനുമായ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ മന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷമാണ് ഇരുവരും ഹരിയാനയിലെ അംബാലയിലേക്ക് തിരിച്ചത്.
മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റാഫേലിന് രാത്രിയും പകലും ഒരുപോലെആക്രമണം നടത്താൻ കഴിയും. പറക്കലിൽ 25 ടൺ വരെ ഭാരം വഹിക്കാനാകും. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.