ഭോപ്പാൽ: അവർ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചത് എട്ടുവർഷം. ബന്ധുക്കൾ ഉൾപ്പടെ എല്ലാവരുടെ മുന്നിലും അവർ ആണും പെണ്ണുമായിരുന്നു. ആർക്കും സംശയം തോന്നിയേ ഇല്ല. ഇരുവരുടെയും മരണശേഷമാണ് ബന്ധുക്കൾപ്പോലും ആ വിവരം അറിഞ്ഞത്. ദമ്പതികളിൽ ഭാര്യയും ഒരു പുരുഷനായിരുന്നു. മദ്ധ്യപ്രദേശിലെ സീഹോറിലാണ് സിനിമകളെപ്പോലും വെല്ലുന്ന സംഭവം നടന്നത്. ഇരുവരുടെയും പേരുവിവരങ്ങൾ ലഭ്യമല്ല.
2012ലാണ് ഇവർ വിവാഹിതരായത്. അന്നുമുതൽ ആണുംപെണ്ണുമായാണ് ഇവർ ജീവിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ആർക്കും ഒരു സംശയവും തോന്നിയതേ ഇല്ല. കുട്ടികളുണ്ടാവില്ലെന്നുപറഞ്ഞ് ബന്ധുക്കളുടെ അനുവാദത്തോടെ രണ്ടുവർഷം കഴിഞ്ഞപ്പോൾ ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.
പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകുന്നതിനിടെ കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും 'ഭാര്യ' തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. രക്ഷപ്പെടുത്താനുളള ശ്രമത്തിൽ ഭർത്താവിനും പൊളളലേറ്റു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇരുവരും മരണത്തിന് കീഴടങ്ങി. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ദമ്പതികളിൽ രണ്ടുപേരും പുരുഷന്മാരാണെന്ന് വ്യക്തമായത്. തങ്ങൾക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ലെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ പറയുന്നത്. ഭാര്യയായി അഭിനയിച്ച വ്യക്തിയുടെ ബന്ധുക്കളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.