തിരുവനന്തപുരം: ബംഗളൂരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തേക്കും. മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണിത്. അനൂപുമായി അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് നേരത്തെ സമ്മതിച്ചിരുന്നു. ബിനീഷ് പലപ്പോഴായി പണം തന്ന് സഹായിച്ചെന്ന് അനൂപും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. അനൂപുമായുള്ള ബിനീഷിന്റെ ബന്ധത്തെ കുറിച്ച് എൻ.സി.ബിയുടെ ബംഗളൂരു സോണൽ യൂണിറ്റ് അന്വേഷിക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് പ്രത്യേക കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിർണായക വിവരങ്ങൾ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇന്നലെ എൻഫോഴ്സ്‌മെന്റ് ബിനീഷിനെ 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ച ബിനീഷിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് ഇ.ഡിയിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ, ബിനീഷിന് ഇ.ഡി ക്ളീൻ ചിറ്റ് നൽകിയിട്ടില്ല. ബിനീഷ് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. വൈരുദ്ധ്യം പൂർണമായും വെളിവാകണമെങ്കിൽ ബിനീഷിന്റെ മൊഴി വിശദമായി വിലയിരുത്തേണ്ടതെന്ന് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിച്ചു. ബിനീഷ് നൽകിയ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് എൻഫോഴ്സ്‌മെന്റിന്റെ തീരുമാനം.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത്, ബംഗളൂരു ലഹരിക്കേസ് എന്നീ കേസുകളിലെ പ്രതികളുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് രേഖകൾ നിരത്തിയാണ് ഇ.ഡി ഇന്നലെ ചോദ്യങ്ങൾ ഉന്നയിച്ചത്. വൈകിട്ട് ആറ് മണിയോടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചെന്നൈ ജോയിന്റ് ഡയറക്ടർ ജയഗണേഷും ചോദ്യം ചെയ്യലിൽ പങ്കുചേർന്നു.