തിരുവനന്തപുരം: എല്ലാം സൗജന്യമായി നൽകുന്ന സർക്കാരുകളെപ്പറ്റി നമ്മൾ കേട്ടിട്ടും വായിച്ചിട്ടുമൊക്കെയുള്ളത് തമിഴ്‌നാട് ഉൾപ്പടെയുള്ള അന്യ സംസ്ഥാനങ്ങളിലാണ്. കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റ് എത്തിച്ച് സംസ്ഥാന സർക്കാർ മാതൃകയായെങ്കിലും മഹാമാരിയുടെ കാലത്ത് ആ ഒരു കിറ്റിൽ കാര്യങ്ങൾ അവസാനിക്കുമെന്നാണ് മലയാളികൾ കരുതിയത്. എന്നാൽ സർക്കാരിന്റെ കരുതൽ ഓണക്കാലത്തും പൊതുജനങ്ങളെ തേടിയെത്തി.
കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പായസക്കിറ്റ് അടക്കം നൽകിയാണ് സംസ്ഥാന സർക്കാർ മലയാളികളുടെ വയറും മനസും നിറച്ചത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണമെന്ന് കാട്ടി തന്ന സർക്കാർ ഇനിയുള്ള മാസങ്ങളിലും റേഷൻകടകൾ വഴി ഭക്ഷ്യകിറ്റുകൾ എത്തിക്കും.
സാധനങ്ങളുടെ ഗുണനിലവാരം അടക്കമുള്ളവ ചോദ്യം ചെയ്യപ്പെടുന്ന പശ്‌ചാതലത്തിൽ കൂടുതൽ കരുതലോടെയാണ് സർക്കാർ നടപടി. ഡിസംബർ വരെ നൽകുന്ന ഭക്ഷ്യകിറ്റിന്റെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്താൻ സപ്ലൈക്കോ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഭക്ഷ്യവകുപ്പിന്റെ കർശന നിർദേശത്തോടെയാണ് സപ്ലൈക്കോ കടുത്ത നടപടിയ്‌ക്ക് ഒരുങ്ങുന്നത്.
കിറ്റിലേക്ക് വാങ്ങുന്ന സാധനങ്ങളും കിറ്റുകളുടെ പായ്ക്കിംഗ് പുരോഗതിയും ഓരോദിവസവും ഭക്ഷ്യവകുപ്പിനെ അറിയിക്കണം. ഓരോ ഡിപ്പോയിലും സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ക്വാളിറ്റി കൺട്രോൾ ഓഫീസറെ ചുമതലപ്പെടുത്തണം. ഓരോ പായ്ക്കിംഗ് യൂണിറ്റിലും ദിവസേന പായ്ക്ക് ചെയ്യുന്ന കിറ്റുകളുടെ എണ്ണം, പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണം, അവർ നിറച്ച കിറ്റുകളുടെ എണ്ണം എന്നിവ രജിസ്‌റ്ററിൽ രേഖപ്പെടുത്തണം. കിറ്റിന്റെ ചെലവുകൾ കൃത്യമായി സർക്കാരിൽ അറിയിക്കുകയും വേണം. ഇതിന്റ അടിസ്ഥാനത്തിൽ ഗുണനിലവാര പരിശോധന കർശനമാക്കാനാണ് സപ്ലൈക്കോ തീരുമാനിച്ചിരിക്കുന്നത്.
ഡിപ്പോകളിലെത്തുന്ന ഉത്‌പനങ്ങളുടെ ഗുണനിലവാരം ടെൻഡർ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണോയെന്ന് ഡിപ്പോ മാനേജർ കൃത്യമായി പരിശോധിക്കണമെന്ന് സപ്ലൈക്കോ നിർദേശം നൽകിയിട്ടുണ്ട്. ഉത്‌പനം വാങ്ങണമോ തള്ളിക്കളയണമോ എന്നതിൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. കമ്മിറ്റിയുടെ യോഗങ്ങളുടെ മിനിറ്റ്‌സ്, ഉത്പനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച കണ്ടെത്തലുകൾ എന്നിവയും ഗുണമേന്മ രജിസ്റ്ററിൽ രേഖപ്പെടുത്തണം.ലാബുകളിൽ പരിശോധിപ്പിക്കേണ്ടതായ ഉത്‌പന സാംപിളുകൾ എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളിൽ ഏറ്റവും വേഗത്തിൽ പരിശോധിപ്പിക്കാനുള്ള സംവിധാനം കമ്മിറ്റി ഒരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഇനി ശർക്കരയില്ല
ഈ മാസം മുതൽ ഡിസംബർ വരെ സംസ്ഥാന സർക്കാർ നൽകുന്ന കിറ്റിൽ കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ, മുളകുപൊടി, ഉപ്പ്, ചെറുപയർ, സാമ്പാർ പരിപ്പ് തുടങ്ങിയ ഉത്പനങ്ങളാണുണ്ടാവുക. ഓണക്കിറ്റിൽ വലിയ വിവാദമായ ശർക്കരയും പപ്പടവും ഇനിയുണ്ടാകില്ല. സംസ്ഥാനത്തെ 87 ലക്ഷം കാർഡ് ഉടമകൾക്കാണ് കിറ്റ് ലഭിക്കുക.