ലക്നൗ: പ്രണയബന്ധത്തിന്റെപേരിൽ യുവാവിനെയും യുവതിയെയും മുഖത്ത് ചായംപൂശി ചെരിപ്പുമാലയണിഞ്ഞ് തെരുവിലൂടെ നടത്തിച്ചു. ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ ഉൾപ്പടെ 12പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. യുവാവും യുവതിയും പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ വിലക്കി. കഴിഞ്ഞദിവസം രാത്രി യുവാവ് യുവതിയുടെ വീടിന് സമീപത്തെത്തുകയും യുവതിയമായി മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതിയുടെ ബന്ധുക്കൾ യുവാവിനെ പിടികൂടി മുറിയിൽ പൂട്ടിയിട്ടു. പിറ്റേന്ന് രാവിലെ
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഇരുവരുടെയും മുഖത്ത് കരിപൂശുകയും ചെരിപ്പ്മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു.
വീഡിയോ ദൃശ്യത്തിൽ നിന്ന് സംഭവത്തിൽ ഉൾപ്പെട്ട മറ്റുളളവരെ കണ്ടെത്താനുളള ശ്രമം പൊലീസ് തുടരുകയാണ്.
ഉത്തർപ്രദേശിൽ നേരത്തേയും ഇത്തരത്തിലുളള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.