m-c-kamarudheen

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദീനെതിരെ മുസ്ലീം ലീഗിൽ പടയൊരുക്കം. കമറുദീനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയ്‌ക്കകത്ത് ഒരു വിഭാഗം രംഗത്തെത്തി. കമറുദീനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ സമ്മർദം ശക്തമാക്കിയതോടെ ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റി. ഇക്കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം ആലോചിച്ച് തീരുമാനമുണ്ടാകുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

നേതാക്കൾക്ക് ആസൗകര്യം ഉള്ളതുകൊണ്ടാണ് രാവിലത്തെ യോഗം മാറ്റിയതെന്നാണ് മുസ്ലീം നേതാക്കൾ നൽകുന്ന വിശദീകരണം. എം.സി കമറുദീന് വേണ്ടി സമ്മർദ ഗ്രൂപ്പ് ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കാസർകോട് നിന്ന് മലപ്പുറത്തെത്തി. ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റാതെ മറ്റ് വഴികളില്ലായിരുന്നു. കമറുദീന് നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റു നൽകിയപ്പോഴും ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.