ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷം തുടരുന്ന മക്മോഹൻ രേഖയോട് ചേർന്ന് കിടക്കുന്ന അരുണാചൽ പ്രദേശിലെ തവാംഗിൽ ഗ്രാമങ്ങളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകുന്നു എന്ന വാർത്തകളെ തളളി പ്രതിരോധവകുപ്പ്. വിദ്വേഷമുളവാക്കുന്ന തരത്തിലെ പ്രചാരണമാണിതെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു.
യഥാർത്ഥ നിയന്ത്രണ രേഖയിൽ ഗ്രാമങ്ങളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകുന്നു എന്നുളളത് തെറ്റാണെന്നും ആസാമിലെയും അരുണാചലിലെയും ജനങ്ങളോട് ഈ നുണപ്രചാരണങ്ങൾ തളളിക്കളയണമെന്നും പ്രതിരോധ വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.
മുൻപ് പാങ്‌ഗോംഗ് തടാകത്തിന്റെ ദക്ഷിണ ഭാഗത്ത് ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ മേഖലകളിലേക്ക് കടക്കാനുളള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ചൈനീസ് സൈന്യം അരനൂറ്റാണ്ടിലാദ്യമായി ഇരുസേനകളും പാലിക്കുന്ന നിയന്ത്രണം ലംഘിച്ച് ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. ശേഷം ഇന്ത്യൻ സൈന്യം നിയന്ത്രണങ്ങൾ ലംഘിച്ചെന്നും പ്രകോപനപരമായാണ് പെരുമാറിയതെന്നും കാട്ടി പ്രസ്‌താവനയും ചൈനപുറപ്പെടുവിച്ചു.
കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങൾ മുതൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ലഡാക്കിൽ ഗാൽവൻ വാലിയിലും, ഫിംഗർ ഏരിയയിലും ഹോട്ട് സ്‌പ്രിംഗ്സിലും കോംഗ്റുംഗ് നാല മേഖലയിലും നിരവധി തവണ സംഘർഷമുണ്ടായി. ഇന്ത്യ പിന്മാറാത്തതിനെ തുടർന്ന് സമ്മർദ്ദത്തിലായ ചൈന മോസ്‌കോയിലെ ഷാംഗ്‌ഹായ് കോർപറേഷൻ ഓർഗനൈസേഷനിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി മുൻപ് സമാധാന ചർച്ച നടത്തിയിരുന്നു. ശേഷം ഇന്ന് വൈകുന്നേരം വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ചൈനയുടെ മന്ത്രി വാംഗ് യി സമാധാന ശ്രമങ്ങൾക്കായി ചർച്ച നടത്തുന്നുണ്ട്.