ഫ്ളാഷ് മൂവീസിന്റെ ഒാണപ്പതിപ്പിനുവേണ്ടി
കാളിദാസ് ജയറാം സംവിധാനം ചെയ്ത ഫോട്ടോഷൂട്ട്
ഫ്ളാഷ് മൂവീസിന്റെ ഒാണപ്പതിപ്പിന്റെ മുഖച്ചിത്രമായി ജയറാമും കുടുംബവുമൊന്നിച്ചുള്ള ഫോട്ടോ ഷൂട്ട് നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നതാണ്. പക്ഷേ അവിചാരിതമായി വന്ന ലോക് ഡൗൺ പ്ളാനിംഗുകളെയെല്ലാം തകിടംമറിച്ചു.
ചെന്നൈ വലശരവക്കത്തെ ജയറാമിന്റെ വീട്ടിലേക്ക് ഫോട്ടോ ഷൂട്ടിനുള്ള സന്നാഹങ്ങളുമായി ഫോട്ടോഗ്രാഫർക്കും സംഘത്തിനുമൊപ്പം ചെല്ലുകയെന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
ഫോട്ടോ ഷൂട്ട് നടക്കുമോയെന്ന കാര്യത്തിൽ ഇടയ്ക്ക് വിളിക്കുമ്പോഴൊക്കെ ജയറാം സംശയം പറഞ്ഞു.
ഒടുവിൽ ജയറാം തന്നെ ഒരുപായം പറഞ്ഞു.
'കണ്ണന്റെ കാമറയിലെടുക്കാം."
കർക്കടകം കഴിഞ്ഞിട്ടും ചെന്നൈയുടെ ആകാശത്തുനിന്ന് കാർമേഘങ്ങൾ വിട്ടൊഴിഞ്ഞിരുന്നില്ല.
ജയറാമും പാർവതിയും കാളിദാസും മാളവികയും ഒരുമിച്ചുള്ള ഫോട്ടോകളെടുക്കാൻ നിശ്ചയിച്ചിരുന്ന ദിവസവും അന്തരീക്ഷം മൂടിക്കെട്ടി നിൽക്കുകയായിരുന്നു.
പകൽവെളിച്ചത്തിൽ വീടിന് പുറത്താകാം ഫോട്ടോ സെഷൻ എന്ന ഐഡിയ അതോടെ ഉപേക്ഷിച്ചു.
'വൈകിട്ട് വീടിനുള്ളിലെടുക്കാം". കാളിദാസ് എന്ന കണ്ണൻ പറഞ്ഞു.
വീടിനുള്ളിലെ വിശാലമായ ഹാളിൽ കണ്ണൻ ഒരിടം കണ്ടെത്തി. ഫോട്ടോ ഷൂട്ടിനുള്ള ഒരുക്കങ്ങൾ കണ്ണൻ പൂർത്തിയാക്കുന്നതിനിടെ ജയറാമും പാർവതിയും മാളവികയും ഒരുങ്ങിവന്നു.
'അപ്പാ.... അഞ്ച് മിനിട്ട്." കണ്ണൻ റെഡിയാകാനായി പോയപ്പോൾ ജയറാം പറഞ്ഞു: ' കഴിഞ്ഞ നാലഞ്ചുവർഷത്തിനിടയ്ക്ക് ഞങ്ങൾ നാലുപേരും ഒരുമിച്ച് ഫോട്ടോ എടുത്തിട്ടേയില്ല."
അപ്പയും അമ്മയും അനുജത്തിയും അണിഞ്ഞിരുന്ന വേഷങ്ങൾക്ക് മാച്ച് ചെയ്യുന്ന വേഷമണിഞ്ഞ് വന്ന കണ്ണൻ തന്റെ സോണി എ 73 കാമറ ട്രൈപോഡിലുറപ്പിച്ചു.
മൂന്നുപേർക്കും നിർദ്ദേശങ്ങൾ നൽകി ടൈമർ സെറ്റ് ചെയ്ത കാമറയിലൂടെ ഫ്രെയിം തൃപ്തിവരുത്തിയ ശേഷം ക്ളിക്ക് ബട്ടണിൽ വിരലമർത്തി കണ്ണൻ ഒാടിച്ചെന്ന് ജയറാമിനും പാർവതിക്കും മാളവികയ്ക്കുമൊപ്പം പോസ് ചെയ്തു.
ലൈക് ചെയ്യാനോ റിഫ്ലക്ടർ പിടിക്കാനോ സഹായത്തിനാരുമില്ലാതെ കണ്ണൻ ഒരേ സമയം ഫോട്ടോഗ്രാഫറും മോഡലുമായി.
'ഇരുപത് വർഷം മുൻപ് ഒരു മാഗസിനുവേണ്ടി ഒാണം ഫോട്ടോയെടുത്തപ്പോൾ ഇരുന്ന് അതേ സ്റ്റൂളിലാ കണ്ണൻ ഇപ്പോഴും ഇരിക്കുന്നേ..." പാർവതി ഒാർത്തു പറഞ്ഞപ്പോൾ ജയറാം അതിശയത്തോടെ ചുണ്ടത്ത് ചൂണ്ടുവിരലമർത്തി: 'ശരിയാണല്ലോ?.."
അപ്പയും അമ്മയും ഒരുമിച്ചുള്ള ഫോട്ടോകൾ കണ്ണൻ പകർത്തുമ്പോൾ ജയറാം പറഞ്ഞു: 'ഞാനും കണ്ണനും കൂടി അശ്വതിയെ ശരിക്കൊന്ന് പറ്റിച്ചുട്ടോ.. അത് പറയാം."
'അടുക്കളത്തോട്ടത്തിന്റെ കാര്യമായിരിക്കും." പാർവതി സസ്പെൻസ് പൊട്ടിച്ചു.
'വീടിന്റെ ടെറസിൽ ഞാൻ പണ്ടും കൃഷി ചെയ്തിട്ടുണ്ട്. നല്ല വിളവെടുപ്പുമുണ്ടായിട്ടുണ്ട്. പക്ഷേ ടെറസ് അത്രയും മണ്ണിന്റെ ഭാരം താങ്ങില്ല. ചോർച്ചയുണ്ടാവാനും സാദ്ധ്യതയുണ്ട്."
അങ്ങനെയാണ് വീടിന് മുന്നിലെ പൂന്തോട്ടം അടുക്കള തോട്ടമാക്കി മാറ്റിയാലോയെന്ന ആലോചന ജയറാമിന്റെ മനസിലുയർന്നത്.
പുൽത്തകിടിയും പൂച്ചെടികളുമൊക്കെയായി വീടിന് മുന്നിലെ പൂന്തോട്ടം പരിപാലിച്ചിരുന്നത് പാർവതിയാണ്. എന്നും പൂക്കളെ കണ്ട് ബോറടിക്കുന്നു ഇനി നമുക്കിതൊക്കെ പറിച്ച് കളഞ്ഞ് പച്ചക്കറി കൃഷിയാക്കിയാലോ?" ഒരിക്കൽ ജയറാം പാർവതിയോട് ചോദിച്ചു.
'അയ്യോ... എന്റെ ഗാർഡൻ നശിപ്പിക്കല്ലേ..." ജയറാമിന് പാർവതി പിടികൊടുത്തില്ല.
'നീ പതുക്കെ തുടങ്ങിക്കോ.. നമുക്ക് ഒരു വശത്തൂന്ന് അതിക്രമിച്ച് അതിക്രമിച്ച് കയറാം." ജയറാമാണ് ആ ഉപായം കാളിദാസനോട് പറഞ്ഞത്.
പൂന്തോട്ടത്തിന്റെ ഒരുവശത്ത് കണ്ണൻ ആദ്യമൊരു വെണ്ട നട്ടു. പിന്നേ പതിയെ തക്കാളി, മുളക്, പടവലം, പാവൽ, മത്തൻ... അങ്ങനെ വന്നുവന്ന് ജയറാമും കണ്ണനും കൂടി പൂന്തോട്ടം പതിയെ പതിയെ അടുക്കളതോട്ടമായി മാറ്റിയെടുത്തു.
'പുല്ലും പൂവും എല്ലാം പോയി. ഇപ്പോ ദേ കണ്ടില്ലേ നല്ലൊന്നാന്തരം അടുക്കള തോട്ടമായത്."
കണ്ണനെ ചേർത്ത് പിടിച്ച് ജയറാം പറഞ്ഞപ്പോൾ പാർവതി ചിരിയോടെ തലയാട്ടി.
'ഇൗ ഒാണത്തിന് വീട്ടിൽ ഉണ്ടായ സ്വന്തം പച്ചക്കറികൾ കൂട്ടി ഞങ്ങൾ സദ്യയുണ്ണും. " ജയറാം വീണ്ടും പറഞ്ഞു.
'മാർച്ച് 17ന് ശേഷം ഞങ്ങളാരും വീടിന് പുറത്തേക്കിറങ്ങിയിട്ടില്ല. ഇപ്പോൾ അഞ്ചുമാസം കഴിഞ്ഞു. ഇടയ്ക്ക് രണ്ട് പരസ്യങ്ങളിലഭിനയിച്ചു.ഞാനും കണ്ണനുംകൂടി ആമസോണിന് വേണ്ടി ഒരു സിനിമ ചെയ്തു. ഞാനും ഉർവശിയും അതിൽ അതിഥി വേഷമാണ്. കണ്ണനും കല്യാണിയുമാണ് നായകനും നായികയും. ഇറുതി സുട്ര്, സൂരറൈ പോട്ര് എന്നീ ചിത്രങ്ങൾ ഒരുക്കിയ സുധ കൊങ്ങരയാണ് സംവിധാനം ചെയ്തത്." ജയറാം പറഞ്ഞ് തുടങ്ങി.
'സുധാമാം നെറ്റ് ഫ്ളിക്സിന് വേണ്ടി ചെയ്ത സിനിമയിലും ഞാൻ അഭിനയിച്ചു. സെപ്തംബറിൽ റിലീസാകും."
കാളിദാസ് ആവേശത്തോടെ പറഞ്ഞപ്പോൾ 'നെറ്റ് ഫ്ളിക്സ് അമേരിക്കയിൽനിന്ന് നേരിട്ട് നിർമ്മിക്കുന്ന സിനിമയിൽ ആദ്യമായി അഭിനയിക്കാൻ ഭാഗ്യം കിട്ടിയത് കണ്ണനാണ്. " കാളിദാസ് പറഞ്ഞ് തുടങ്ങിയത് ജയറാം പൂരിപ്പിച്ചു.
'മാളവികയ്ക്കൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ചപ്പോൾ മുതൽ എല്ലാവരും ചോദിക്കുന്നതാണ് മോളെന്നാണ് സിനിമയിൽ അഭിനയിക്കുന്നതെന്ന്?" ജയറാമിനോട് ചോദിച്ചു. ഒരു പൊട്ടിച്ചിരിയായിരുന്നു ജയറാമിന്റെ മറുപടി.
'സത്യൻ അന്തിക്കാടിന്റെ മകൻ അനൂപാണ് ചക്കിയെ ആദ്യം സിനിമയിലേക്ക് വിളിച്ചത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ . ആ വേഷമാണ് കല്യാണി ചെയ്തത്. ജയറാം പറഞ്ഞു.
'എനിക്കൊരു സിനിമ ചെയ്യാനുള്ള പക്വതയായിട്ടില്ല", അനൂപിന്റെ ഒാഫർ വേണ്ടെന്ന് വച്ചതിനെപ്പറ്റി മാളവിക പറഞ്ഞു.
'ഞാനിപ്പോൾ മോഡലിംഗ് ചെയ്യുന്നുണ്ട്. പക്വതയായെന്ന് എനിക്ക് ബോധ്യം വരുമ്പോൾ നല്ല ഒാഫറുകൾ വന്നാൽ ചെയ്യും" മാളവിക പറഞ്ഞു.
സംസ്കൃത ഭാഷയിലൊരുങ്ങുന്ന നമോ എന്ന ചിത്രത്തിന്റെ ത്രില്ലിലാണ് ജയറാം. കുചേലന്റെ വേഷമാണ് നമോയിൽ ജയറാമിന്. സംസ്കൃത സിനിമയുടെ വിശേഷങ്ങൾ ജയറാം പറഞ്ഞുതുടങ്ങി:'വിജീഷ് മണി എന്ന സംവിധായകൻ നമോയുടെ സ്ക്രിപ്ടുമായി ഒന്നൊന്നര വർഷം മുൻപാണ് എന്നെ സമീപിക്കുന്നത്. ആദ്യംപറഞ്ഞപ്പോൾത്തന്നെ ആ ആശയം എന്നെ ആകർഷിച്ചു. കൃഷ്ണനും കുചേലനും തമ്മിലുള്ള തീവ്രമായ ഒരു സുഹൃത് ബന്ധത്തിന്റെ കഥയാണ് നമോ.
ഇൗ കാലഘട്ടത്തിലും പാഠമാക്കാവുന്നതാണ് കൃഷ്ണന്റെയും കുചേലന്റെയും സൗഹൃദം. അത് മനോഹരമായി തിരക്കഥയാക്കിയിരിക്കുന്നു. മുത്തച്ഛൻ പേരക്കുട്ടിയോട് കഥ പറഞ്ഞു കൊടുക്കുന്ന ശൈലിയിലാണ് ആ സൗഹൃദം നമോയിൽ ആവിഷ്കരിച്ചിരിക്കുന്നത്. അതാണ് എന്നെ ആദ്യമാകർഷിച്ചത്.
നമോ ശരിക്കും ഒരു ദേശീയോദ്ഗ്രഥന ചിത്രമാണ്. കന്യാകുമാരി മുതൽ കാശ്മീർവരെയുള്ള പല സംസ്ഥാനക്കാരും നമോയിൽ പ്രവർത്തിക്കുന്നുണ്ട്.
സാങ്കേതിക പ്രവർത്തകർ പല സംസ്ഥാനത്ത് നിന്നുള്ളവരാണെന്നത് രണ്ടാമത്തെ ആകർഷണമായി തോന്നി.
ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഒരുമിച്ചായിരുന്നു കൃഷ്ണനും കുചേലനും. അവിടെനിന്ന് പിരിഞ്ഞ് പോകുന്ന സമയത്ത് ആറ്റിൻകരയിലെ മണ്ണ് എടുത്ത് കൈപ്പിടിയിലൊതുക്കി കുചേലൻ നെഞ്ചോട് ചേർത്ത് വച്ചപ്പോൾ അതൊരു കൃഷ്ണരൂപം പോലെയായി. ആ കൃഷ്ണരൂപം കുചേലൻ വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചു. ആ കൃഷ്ണരൂപത്തെ എന്നും സ്തുതിച്ച് പാടിക്കൊണ്ട് ഭിഷയാചിച്ച് നടക്കുകയാണ് കുചേലൻ. കൃഷ്ണനെ സ്തുതിച്ച് പാടുന്നവർക്കൊന്നും കൊടുക്കേണ്ടെന്ന കല്പന അന്ന് നിലവിലുണ്ട്. കുടുംബം നിത്യ പട്ടിണിയിലായിട്ടും കുചേലൻ എന്നും കൃഷ്ണനെ സ്തുതിച്ച് പാടിനടന്നു. കുട്ടികൾ ഒരുപാടുണ്ട്; പ്രാരാബ്ധങ്ങളും.പണ്ട് ബ്രാഹ്മണരുടെ വീട്ടിൽ മരണം നടന്ന് കഴിഞ്ഞാൽ പ്രേതമാവാഹിച്ച് ഒരു ബ്രാഹ്മണനെ വിളിച്ച് ആഹാരവും എള്ളും അരിയും കൊടുക്കുന്ന പതിവുണ്ടായിരുന്നു. വീട്ടിലെ ദാരിദ്ര്യം കാരണം കുചേലൻ പോകുമായിരുന്നു.
ദാരിദ്ര്യം ക്ഷീണിപ്പിച്ച ശരീരമാണ് കുചേലന്റേത്. കുചേലനാകാൻ ശരീരഭാരം നന്നേ കുറയ്ക്കണം. അതിനായി ഞാൻ സംവിധായകനോട് കുറച്ച് സമയം ചോദിച്ചു. 'പട്ടാഭിരാമൻ" സിനിമ കഴിഞ്ഞ ശേഷം ഞാനൊരു അറുപത് എഴുപത് ദിവസം ഡയറ്റ് നോക്കി. ഇരുപത് കിലോ ശരീരഭാരം കുറച്ചു. വാരിയെല്ലുകൾ പൂർണമായും കാണുന്നത്ര മെലിഞ്ഞു. തല മുണ്ഡനം ചെയ്തു. കുടുമ വച്ചു.മൈസൂരിലും ബംഗളൂരുവിലുമായിരുന്നു നമോയുടെ പ്രധാന ലൊക്കേഷൻ. ഞാനൊരു ബ്രാഹ്മണനാണ്. പതിനൊന്നാം വയസിൽ പൂണൂലിട്ടതാണ്. അന്ന് തൊട്ട് ഗായത്രിയും വിശേഷ ദിവസങ്ങൾക്കെല്ലാം സംസ്കൃത മന്ത്രങ്ങളും ജപിക്കുന്നതാണ്. അതുകൊണ്ടുതന്നെ നമോയിൽ സംസ്കൃതഭാഷ പറഞ്ഞഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.
ഷൂട്ടിംഗിന്റെയും ഡബ്ബിംഗിന്റെയും സമയത്ത് സംസ്കൃത സർവകലാശാലയിൽ നിന്നുള്ള പണ്ഡിതരായ അഞ്ചുപേർ ഒപ്പമുണ്ടായിരുന്നു.നമോയിലെ പാട്ട് കണ്ടിട്ട് ചിരഞ്ജീവി അഭിനന്ദനമറിയിച്ചു എനിക്ക് മെസേജയച്ചിരുന്നു.'ട്രെയിലർ വരുന്നുണ്ട്. കണ്ടിട്ട് അഭിപ്രായം പറയണേ" യെന്ന് ഞാൻ ചിരഞ്ജീവിയോട് പറഞ്ഞു.ട്രെയിലർ കണ്ടപ്പോൾ ആ കഥാപാത്രമാകാൻവേണ്ടി ഞാൻ ചെയ്ത കഷ്ടപ്പാടുകളെക്കുറിച്ചൊക്കെ ഒരുപാട് നേരം ചിരഞ്ജീവി സംസാരിച്ചു.'എന്നാലിത് അങ്ങുതന്നെ റിലീസ് ചെയ്യാമോ"യെന്ന് ചോദിച്ചപ്പോൾ അദ്ദേഹം സന്തോഷപൂർവം സമ്മതിച്ചു.
ബാഹുബലി കഴിഞ്ഞാൽ തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റാണ് ഞാൻ അഭിനയിച്ച അല വൈകുണ്ഠപുരമുലോ (അങ്ങ് വൈകുണ്ഠപുരത്ത്). അല്ലു അർജുന്റെ അച്ഛൻ വേഷമാണ് അവതരിപ്പിച്ചത്. വടി കുത്തിപ്പിടിച്ച് നടക്കുന്ന അച്ഛനല്ല. നല്ല ഉൗർജ്ജമുള്ള അച്ഛൻ. കഥ കേട്ടപ്പോൾത്തന്നെ ഒരുപാടിഷ്ടമായി. തെലുങ്കിൽ ഏറ്റവും സെൻസിബിളായ കഥകൾ സൃഷ്ടിക്കുന്ന ത്രിവിക്രം ശ്രീനിവാസായിരുന്നു ആ സിനിമയുടെ സംവിധായകൻ. അദ്ദേഹം കാണാത്ത മലയാള സിനിമകളില്ല. തെലുങ്കിൽ അറുപത് സിനിമകൾക്ക് അദ്ദേഹത്തിന്റെ പേര് വയ്ക്കാതെ 'ഗോസ്റ്റ് റൈറ്ററായി" തിരക്കഥയെഴുതിയിട്ടുണ്ട്. മുപ്പത് തിരക്കഥകൾ സ്വന്തം പേരുവച്ച് എഴുതി. മമ്മൂട്ടിയും മോഹൻലാലും ഞാനുമൊക്കെ അഭിനയിച്ച സിനിമകളെല്ലാം അദ്ദേഹം ഒന്നുവിടാതെ കണ്ടിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെയും കമലിന്റെയും സിബിമലയിലിന്റെയുമൊക്കെ സിനിമകൾ വന്നാൽ അദ്ദേഹം കാണാതിരിക്കില്ല. മലയാള സിനിമയുടെ അത്രയും വലിയ ആരാധകനാണ് അദ്ദേഹം.
അല വൈകുണ്ഠപുരമുലോ തെലുങ്കിൽ എനിക്ക് ഒരുപാട് പേര് നേടിത്തന്ന സിനിമയാണ്. തെലുങ്കിൽ പ്രഭാസിനൊപ്പവും ജൂനിയർ എൻ.ടി. ആറിനുമൊപ്പമാണ് എന്റെ അടുത്ത സിനിമകൾ. രണ്ട് സിനിമകളും തുടങ്ങാനിരുന്നപ്പോഴാണ് ലോക് ഡൗൺ വന്നത്." ജയറാം പറഞ്ഞു.