മലയാള സിനിമയുടെ ഏറ്റവും വലിയ സീസണുകളിൽ ഒന്നായ ഓണക്കാലത്തും
തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നത് സിനിമാപ്രവർത്തകരുടെയും പ്രേക്ഷകരുടെയും
ചങ്കിടിപ്പ് കൂട്ടുന്നു
എല്ലാം ശരിയാകുമെന്ന് നൂറുവട്ടം മനസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും എന്ന് ശരിയാകുമെന്ന് ആർക്കും ഒരുറപ്പുമില്ലാത്ത സങ്കീർണാവസ്ഥയിലൂടെയാണ് സിനിമാ ലോകവും ഇപ്പോൾ കടന്നു പോകുന്നത്.ഇരുന്നൂറ് ദിവസങ്ങളോളമായി അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകൾ എന്ന് തുറക്കാനാവുമെന്നോ മുടങ്ങിക്കിടക്കുന്ന സിനിമാ ചിത്രീകരണങ്ങൾ ഇനിയെന്ന് പുനരാരംഭിക്കാൻ കഴിയുമെന്നോ ആർക്കും ഒരെത്തും പിടിയുമില്ല.എന്നാൽ അടുത്തമാസത്തോടെ ഘട്ടം ഘട്ടമായി സിനിമാ തിയറ്ററുകൾ തുറക്കാൻ അനുവദിച്ചേക്കുമെന്ന വാർത്തകൾ വരുന്നതും,ഏതാനും സിനിമകളുടെ ചിത്രീകരണം തുടങ്ങാനായി എന്നതും ആശ്വാസം പകരുന്നുണ്ട്.
വിഷുക്കാലം കഴിഞ്ഞാൽ മലയാള സിനിമയുടെ ഏറ്റവും വലിയ സീസണായ ഓണക്കാലത്ത് തിയേറ്ററുകൾ അടഞ്ഞുകിടക്കുന്ന കാഴ്ച സിനിമാ പ്രവർത്തകരുടെയും പ്രേക്ഷകരുടെയും ചങ്കിടിപ്പ് വർദ്ധിപ്പിക്കുന്നതാണ്.
കൊവിഡാനന്തരം പല തിയേറ്ററുകളും തുറന്ന് പ്രവർത്തിക്കാൻ തന്നെ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്. അമ്പത് വർഷക്കാലത്തിന്റെ ചരിത്രം പേറുന്ന തൃശൂർ സ്വപ്ന തിയേറ്റർ പൊളിച്ചുകഴിഞ്ഞു. നാല്പത് വർഷത്തെ പാരമ്പര്യമുള്ള തലസ്ഥാനത്തെ ധന്യ - രമ്യ തിയേറ്റർ കോംപ്ളക്സും പ്രദർശനത്തിന് ഇനി ഉണ്ടാകില്ലെന്നാണ് സൂചന.
കൊവിഡ് മഹാമാരി കാരണം താരങ്ങളെല്ലാം ഇക്കുറി വീട്ടിൽ തന്നെയായിരിക്കും. ചെന്നൈയിലെ വീട്ടിലായിരുന്ന മോഹൻലാൽ മൂന്നാഴ്ച മുൻപാണ് കൊച്ചിയിലെത്തിയത്. രണ്ടാഴ്ച ക്വാറന്റൈനിൽ പോയ താരം തുടർന്ന് ഒരു ചാനൽ പ്രോഗ്രാമിലും പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിലും പങ്കെടുത്തു.മമ്മൂട്ടിയും ദുൽഖറും എറണാകുളത്തെ പുതിയ വീട്ടിലാണ്. ദിലീപും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ആസിഫ് അലിയും നിവിൻ പോളിയും ജയസൂര്യയും സണ്ണി വയ്നുമെല്ലാം എറണാകുളത്തെ വീടുകളിലാണ്.ഉണ്ണി മുകുന്ദൻ ഒറ്റപ്പാലത്തെ വീട്ടിലാണ്.
കൊവിഡ് കാലത്ത് മമ്മൂട്ടി മുഴുവൻ സമയവും വീട്ടിൽത്തന്നെയായിരുന്നു.വർക്ക് ഫ്രം ഹോം എന്ന ക്യാപ്ഷനോടെ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ഇന്റർനെറ്റിൽ തരംഗമായിരുന്നു. പതിനഞ്ച് ലക്ഷത്തോളം പേരാണ് ഒരാഴ്ചയ്ക്കുള്ളിൽ ഫോട്ടോ ലൈക്ക് ചെയ്തത്.മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്ന ചിത്രം ഓണം റിലീസായി പ്ളാൻ ചെയ്തിരുന്നതാണ്.സെൻട്രൽ പിക്ചേഴ്സ് നിർമ്മിച്ച് വിതരണം ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ് കൊവിഡ് - 19 മഹാമാരി വന്നത്. ഡോ. ഇക്ബാൽ കുറ്റിപ്പുറം രചന നിർവഹിച്ച ഈ ചിത്രം വൈകാതെ ക്യാൻസൽ ചെയ്യുകയും ചെയ്തു.ഇപ്പോൾ ഇതേ പ്രോജക്ട് ജയറാമിനെ വച്ച് ചെയ്യാനാണ് നീക്കം. മോഹൻലാലിന് നേരത്തെ തന്നെ ഓണച്ചിത്രമുണ്ടായിരുന്നില്ല. ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന റാം ഓണം റിലീസായി ആലോചിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.ജീത്തു ജോസഫിന്റെ മറ്റൊരു മോഹൻലാൽ ചിത്രമായ ദൃശ്യം - 2 വൈകാതെ ചിത്രീകരണം തുടങ്ങാനിടയുണ്ട്.
സുരേഷ് ഗോപിക്കും ജയറാമിനും ഓണച്ചിത്രങ്ങളുണ്ടായിരുന്നില്ല. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു പ്ളാൻ. ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ചിത്രീകരിക്കാൻ ബാക്കിയുണ്ട്.പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിച്ചഭിനയിക്കുന്ന അയൽവാശി ഓണത്തിന് പ്ളാൻ ചെയ്തിരുന്ന ചിത്രമാണ്. പൃഥ്വിരാജ് നിർമ്മിച്ച് നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു മാസം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു പദ്ധതി.ചിങ്ങം ഒന്നിന് അനൗൺസ് ചെയ്ത ജോൺ ലൂഥർ എന്ന ജയസൂര്യ ചിത്രം നേരത്തേ ഓണം റിലീസായി പ്ളാൻ ചെയ്തിരുന്നതാണ്. നവാഗതനായ അഭിജിത്ത് ജോസഫാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.കുഞ്ചാക്കോ ബോബനെയും ജോജു ജോർജിനെയും നായകന്മാരാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്നിവയും ഓണത്തിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രങ്ങളാണ്. ഒരു ചിത്രങ്ങളുടെയും ചിത്രീകരണം പൂർത്തിയായിട്ടില്ല.
മഞ്ജു വാര്യരും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലളിതം സുന്ദരം ഓണക്കാല ചിത്രമായി പ്ളാൻ ചെയ്തിരുന്നതാണ്.ഇനി ഇരുപത്തിരണ്ട് ദിവസത്തെ ചിത്രീകരണമാണ് ലളിതം സുന്ദരത്തിന് അവശേഷിക്കുന്നത്. സെഞ്ച്വറിയുമായി ചേർന്ന് മഞ്ജുവാര്യർ പ്രൊഡക്ഷൻസാണ് ലളിതം സുന്ദരം നിർമ്മിക്കുന്നത്.മെരിലാൻഡിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിച്ച് വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രണവ് മോഹൻലാൽ - കല്യാണി പ്രിയദർശൻ ചിത്രമായ ഹൃദയവും ഓണത്തിന് ചാർട്ട് ചെയ്തിരുന്നതാണ്. ആസിഫ് അലിക്ക് ഓണം റിലീസ് പ്ലാൻ ചെയ്തിരുന്നില്ല.
വിഷുവിന് റിലീസ് ചെയ്യേണ്ടിയിരുന്ന കുഞ്ഞെൽദോയാണ് ആസിഫിന്റേതായി ഇനി റിലീസാകാനുള്ളത്.