കാണം വിറ്റും ഓണമുണ്ണുക എന്നത് മലയാളികളുടെ ശീലമാണ്.എന്നാൽ കൊവിഡ് എന്ന മഹാമാരി മനുഷ്യരെയാകെ പ്രതിസന്ധിയിലാഴ്ത്തി.സിനിമാ ലോകത്തിന്റെ തകർച്ച പറഞ്ഞറിയിക്കാൻ വയ്യാത്ത വിധം ഗുരുതരമാണ്. മുൻ നിരക്കാരൊഴികെയുള്ള അണിയറ പ്രവർത്തകർ പട്ടിണിയിലുമായി.സിനിമാ തിയറ്ററുകൾ അടുത്ത മാസം ഘട്ടം ഘട്ടമായി തുറക്കാൻ കഴിഞ്ഞേക്കാമെന്നതും ചില ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചുവെന്നതും മാത്രമാണ് ഏക ആശ്വാസം.കൊവിഡിന്റെ കൂരിരുട്ടിൽ നിന്ന് സചേതനമായ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് വേഗം മടങ്ങിവരാനാകട്ടെ എന്ന് ഈ ഓണക്കാലത്ത് നമ്മൾക്ക് പ്രത്യാശിക്കാം.കൊവിഡിന്റെ നിയന്ത്രണങ്ങൾ പാലിച്ച് വളരെ വിഭവ സമൃദ്ധമായ ഉള്ളടക്കത്തോടെയാണ് കേരളകൗമുദി ഫ്ളാഷ് മൂവീസ് ഓണപ്പതിപ്പ് നിങ്ങളുടെ കൈകളിൽ എത്തുന്നത്. ഫ്ളാഷ് മൂവീസിന്റെ എട്ടാം പിറന്നാൾ പതിപ്പാണിതെന്ന മറ്റൊരു ചാരിതാർത്ഥ്യം കൂടി മാന്യ വായനക്കാരോട് ഞങ്ങൾക്ക് പങ്കുവയ്ക്കാനുണ്ട്.ഞങ്ങളോട് സഹകരിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും നന്ദി പറയുന്നതിനൊപ്പം മാന്യ വായനക്കാർക്കും,പരസ്യ ദാതാക്കൾക്കും,ഏജന്റുമാർക്കും ചലച്ചിത്ര ലോകത്തെ സർവ്വർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.