തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നീട്ടിവച്ചേക്കും. പ്രതിപക്ഷം ഉന്നയിച്ച ആവശ്യം സർക്കാർ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാളത്തെ സർവകക്ഷിയോഗത്തിൽ ഇക്കാര്യത്തിൽ സമവായമുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമം. ജനുവരിയിൽ പുതിയ സമിതി അധികാരത്തിൽ വരുന്ന തരത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരിക്കണമെന്നതാണ് ഇരു മുന്നണികളുടെയും ആവശ്യം.
കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ കൂടുന്നതാണ് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിന് കാരണമായി ഇരുമുന്നണികളും ഉയർത്തിക്കാണിക്കുന്നത്. രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതിനാൽ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്നും നേരത്തേ ഇരുമുന്നണികളും ആവശ്യപ്പെട്ടിരുന്നു. അതേസമയം, തദ്ദേശഭരണസ്ഥാപങ്ങളിലേക്കുളള തിരഞ്ഞെടുപ്പും നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ, തദ്ദേശ ഭരണ സ്ഥാപങ്ങളിലേക്കുളള തിരഞ്ഞെടുപ്പുകൾ മറ്റേണ്ടതില്ലെന്നും ഉപതിരഞ്ഞെടുപ്പുകൾ മാറ്റണമെന്നുമാണ് ബി ജെ പി നിലപാട്. ലോക് താന്ത്രിക് ജനതാദളും തിരഞ്ഞെടുപ്പുകൾ മാറ്റേണ്ടെന്ന നിലപാടിലാണ്.