thathamangalam-school

പാലക്കാട്: സ്‌പെഷ്യൽ ഫീസ് അടയ്‌ക്കാത്തതിന്റെ പേരിൽ പാലക്കാട് തത്തമംഗലം ചിന്മയ സ്‌കൂളിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസുകളിൽ നിന്നും പുറത്താക്കി. കൊവിഡ് മഹാമാരി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷാകർത്താക്കൾ ട്യൂഷൻ ഫീസ് അടച്ചിരുന്നെങ്കിലും സ്‌പെഷ്യൽ ഫീസ് അടച്ചില്ലയെന്ന കാരണത്താലാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ നടപടി. സ്പെഷ്യൽ ഫീസിൽ നിന്നും ചെറിയ ശതമാനം കുറച്ച് തരണമെന്ന രക്ഷകർത്താക്കളുടെ ന്യായമായ ആവശ്യം പരിഗണിക്കാത്ത മാനേജ്മെന്റ് ഓൺലൈൻ ക്ലാസിൽ നിന്ന് ഇരുന്നൂറോളം വിദ്യാർത്ഥികളെ പുറത്താക്കുകയായിരുന്നു.

അൺലോക്കിന്റെ ഭാഗമായി സ്‌കൂൾ തുറക്കുമ്പോൾ ഫീസ് അടയ്‌ക്കാമെന്ന് രക്ഷകർത്താക്കൾ പറഞ്ഞെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല. ഓൺലൈൻ ക്ലാസുകൾ കൂടി ഇല്ലാതായതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലായിരിക്കുകയാണ് രക്ഷകർത്താക്കളും വിദ്യാർത്ഥികളും. ഗ്രൂപ്പിൽ നിന്ന് പുറത്താകുന്നതിന് മുമ്പും ശേഷവും രക്ഷകർത്താക്കൾ സ്‌കൂൾ അധികൃതരോട് തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും വഴങ്ങാൻ മാനേജ്മെന്റ് തയ്യാറായില്ലെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്.

ആദ്യ ടേമിലെ ട്യൂഷൻ ഫീസായ അയ്യായിരം രൂപ അടച്ചുവെന്നും ബാക്കി സ്‌കൂൾ തുറക്കുന്ന സമയത്ത് അടയ്‌ക്കാമെന്നും പറഞ്ഞപ്പോൾ മാനേജ്മെന്റ് വഴങ്ങിയില്ലെന്ന് ചെറുകിട കച്ചവടക്കാരനായ ഒരു രക്ഷകർത്താവ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കട തുറക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ തുറന്നെങ്കിൽ തന്നെയും വലിയ തോതിലുള്ള കച്ചവടമില്ല. വലിയൊരു ആഗ്രഹത്തിന്റെ പുറത്താണ് മകളെ സി.ബി.എസ്.ഇ സ്‌കൂളിലേയ്ക്ക് വിട്ടതെന്നും രക്ഷകർത്താവ് പറയുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഓൺലൈൻ ക്ലാസ് നടക്കുന്ന ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതെന്ന് മറ്റൊരു രക്ഷകർത്താവ് പറഞ്ഞു. ചിറ്റൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മാനേജ്മെന്റ് തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കിയത് സ്‌കൂളിലെ ഒരു അദ്ധ്യാപികയാണ്. ഇവരെ ബന്ധപ്പെട്ടെങ്കിലും വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ടവരോട് കാര്യങ്ങൾ ചോദിക്കണമെന്നും അദ്ധ്യാപിക പറഞ്ഞു.എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ സ്‌കൂൾ മാനേജ്മെന്റ് തയ്യാറായിട്ടില്ല.