bank

ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ വായ്‌പ തിരിച്ചടവിന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം 28 വരെ നീട്ടി സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. ഇക്കാലയളവിൽ വായ്‌പകൾ കിട്ടാക്കടം അഥവാ നിഷ്‌ക്രിയ ആസ്‌തിയായി (എൻ.പി.എ) പ്രഖ്യാപിക്കരുതെന്നും ബാങ്കുകളോട് ജസ്‌റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു.

മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാൻ വിവിധ സംഘടനകൾ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. മാർച്ച് മുതൽ ആഗസ്‌റ്റ് വരെയുള്ള വായ്‌പകളുടെ മോറട്ടോറിയം ആഗസ്‌റ്റ് 31ന് അവസാനിച്ചിരുന്നു.

പലിശയ്ക്കുമേൽ പലിശ ഈടാക്കുന്നത് എങ്ങനെ 'മഹാമാരിക്കാലത്തെ ആശ്വാസ നടപടി ആകുമെന്ന്" ഹർജിക്കാർ ചോദിച്ചു. ഇക്കാര്യത്തിൽ കേന്ദ്രമോ റിസർവ് ബാങ്കോ തീരുമാനമെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

മോറട്ടോറിയത്തിൽ റിസർവ് ബാങ്കിനേക്കാൾ ഉയർന്ന തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. പലിശക്കാര്യം തീരുമാനിക്കാൻ സാവകാശം വേണമെന്നും റിസർവ് ബാങ്കിനുവേണ്ടി ഹാജരായ മേത്ത ആവശ്യപ്പെട്ടു.

രണ്ടാഴ്‌ച കൂടി നൽകാമെന്നും റിസർവ് ബാങ്കും കേന്ദ്രസർക്കാരും ചർച്ച നടത്തി തീരുമാനം അറിയിക്കണമെന്നും സമയം നീട്ടിത്തരില്ലെന്നും കോടതി പറഞ്ഞു. വാദം 28ന് വീണ്ടും കേൾക്കും.