kerala-covid

തിരുവനന്തപുരം: നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോളനികളിൽ രോഗം പടരാതെ നോക്കണം. വെന്റിലേറ്ററുകൾക്ക് ക്ഷാമം വരും, ഇപ്പോൾ തന്നെ കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു. ആരും റോഡിൽ കിടക്കാൻ ഇടവരരുത്, എല്ലാവർക്കും ശ്രദ്ധവേണം. കേരളം ഇതുവരെ പൊരുതി നിന്നെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അടൂർ വെള്ളക്കുളങ്ങര വയലിൽ ലക്ഷ്‌മി ഭവനത്തിൽ രഞ്ജിത്ത് ലാൽ (29), പന്തളം സ്വദേശി റെജീന (44), കാസർകോട് നായന്മാർ മൂലയിലെ മറിയുമ്മ (68) എന്നിവരാണ് മരിച്ചത്. പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് രഞ്ജിത്ത് ലാൽ. വൃക്കരോഗിയാണ് മരിച്ച റജീന. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 396 ആയി.

പത്തനംതിട്ടയിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നയാൾ തൂങ്ങി മരിച്ചു. കലഞ്ഞൂർ സ്വദേശി നിഷാന്താണ് ആത്മഹത്യ ചെയ്തത്. റാന്നി പെരുമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലെ ഫാനിലാണ് തൂങ്ങിയത്. മരിക്കുന്നതിന് മുന്നെ ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. മ്യതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.