vm-sudheeran

തിരുവനന്തപുരം: കൊവിഡ് വ്യാപനം ആപൽക്കരമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബാറുകൾ തുറക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതി കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ലോക്ഡൗൺ കാലത്ത് മദ്യവിൽപന ശാലകൾ അടഞ്ഞുകിടന്നത് സംസ്ഥാനത്തിനുണ്ടാക്കിയ ഗുണപരമായ മാ‌റ്റങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്ത കത്തിൽ സുധീരൻ ആവശ്യപ്പെടുന്നു.

വി.എം.സുധീരന്റെ ഫേസ്ബുക്ക് പോസ്‌റ്റ് താഴെ വായിക്കാം.

പ്രിയപ്പെട്ട മുഖ്യമന്ത്രി, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകൾ വീണ്ടും തുറക്കുന്നതിനുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു. ഇപ്പോൾ അടഞ്ഞുകിടക്കുന്ന ബാറുകൾ തുറക്കുന്നത് ആപൽക്കരമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വ്യാപനത്തിന്റെ ആക്കംകൂട്ടനേ ഇടവരുത്തുകയുള്ളൂ. 64 ദിവസത്തെ ലോക്ക്ഡൗൺകാലയളവിൽ മദ്യവിൽപ്പനശാലകൾ സമ്പൂർണ്ണമായി അടഞ്ഞുകിടന്നത് നമ്മുടെ സംസ്ഥാനത്തുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങൾ കണ്ടില്ലെന്നുനടിക്കുന്ന സർക്കാറിന്റെതെറ്റായ സമീപനം തിരുത്തിയേ മതിയാകൂ. മദ്യം ഉപയോഗിച്ചിരുന്നവർതന്നെ ലോക്ക്ഡൗൺകാലത്ത് അതിൽനിന്നും പിന്മാറിയതും അതിന്റെഫലമായി അവരുടെ കുടുംബങ്ങൾക്ക് 3200 കോടി രൂപ സമ്പാദിക്കാനായതും ആധികാരിക പഠനങ്ങളിൽത്തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ 'അഡിക്ഇന്ത്യ'യുടെ പഠന റിപ്പോർട്ട് ശ്രദ്ധേയമാണ്. മദ്യഉപയോഗം ഇല്ലാതായതിനെത്തുടർന്ന് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതും സംസ്ഥാന പൊലീസിന്റെകീഴിലുള്ള ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ടിൽ വന്നിട്ടുള്ളതാണ്. അതേസമയം ചില്ലറ മദ്യവിൽപ്പനശാലകൾ വ്യാപകമായി തുറന്നതിനെത്തുടർന്ന് സംസ്ഥാനം അരാജകമായ അവസ്ഥയിലേയ്ക്കാണ് എത്തിയിട്ടുള്ളത്. അതീവ ഗുരുതരമായ ഈ സാഹചര്യം സത്യസന്ധമായി വിലയിരുത്തേണ്ടിയിരിക്കുന്നു. ബെവ്‌കോ, കൺസ്യൂമർഫെഡ് എന്നിവയുടെ ചില്ലറ മദ്യവിൽപ്പന കേന്ദ്രങ്ങൾ 306 ആയിരുന്നത് ബാറുകളെയും ബീയർവൈൻ പാർലറുകളെയും ഉൾപ്പെടുത്തി 1298 ആയി വർദ്ധിപ്പിച്ച് മദ്യവിൽപ്പന വ്യാപകമാക്കിയ സർക്കാർ നടപടി ആപൽക്കരമായ സാമൂഹ്യപ്രത്യാഘാതങ്ങൾക്കാണ് ഇടവരുത്തിയതെന്നത് പറയേണ്ടതില്ലല്ലോ. മാതാപിതാക്കളെതന്നെ കൊല്ലുന്ന മക്കൾ, കൂട്ടുകാർക്ക് ബലാൽസംഗം ചെയ്യാൻ സ്വന്തം ഭാര്യയെ കാഴ്ചവയ്ക്കുന്ന ഭർത്താവ്, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ളഅതിക്രമങ്ങൾ, കൊലപാതകങ്ങൾ, ക്വട്ടേഷൻഗുണ്ടാപ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾ കേരളത്തിലെ അരാജകമായ അവസ്ഥയാണ് വ്യക്തമാക്കുന്നത്. ഇതിനെല്ലാം പുറമെ കോവിഡ് രോഗികളായ സ്ത്രീകളെപ്പോലും ക്രൂരമായ അതിക്രമങ്ങൾക്കിരയാക്കുന്ന സ്ഥിതിവിശേഷം കേരളത്തിനുണ്ടാക്കിയ അപരിഹാര്യമായ മാനക്കേടിന്റെ ആഴം എത്രയോ വലുതാണ്. കുറ്റകൃത്യങ്ങൾ മഹാഭൂരിപക്ഷവും ഉണ്ടാകുന്നത് മദ്യലഹരിയുടെ സ്വാധീനത്തിൽപ്പെട്ടാണെന്നത് യാഥാർത്ഥ്യമാണ്. മദ്യമില്ലാത്തൊരവസ്ഥയാണ് മയക്കുമരുന്നുപയോഗം വർദ്ധിപ്പിക്കുന്നതെന്ന സർക്കാരിന്റെയും മദ്യവക്താക്കളുടെയും വാദഗതികൾ നിരർത്ഥകമാണെന്ന് തെളിയിച്ചുകൊണ്ട് മദ്യലഭ്യത വ്യാപകമായിരിക്കെത്തന്നെ കേരളം കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നകളുടെയും മുഖ്യവിപണനവ്യാപനകേന്ദ്രമായി മാറിയിരിക്കുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നയവും ഭരണ രാഷ്ട്രീയം അതിനു നൽകിവരുന്ന വൻ പിന്തുണയുമാണ് കേരളത്തെ ഈയൊരു ദുരവസ്ഥയിലേയ്‌ക്കെത്തിച്ചത്. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ഫലപ്രമായ നടപടികൾ സ്വീകരിക്കുന്നതിലും സർക്കാർ സംവിധാനം പരാജയപ്പെട്ടിരിക്കുകയാണ്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുകയെന്നും മദ്യംപോലെ സാമൂഹ്യ ഭീഷണിയായ കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുന്നതിനെതിരെ അതികർശനമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്ത ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരാണ് ഇതിനെല്ലാം നേരെ വിപരീതമായി പ്രവർത്തിക്കുന്നത്. ഇത് ഏറെ വിചിത്രമായിരിക്കുന്നു. ഇതെല്ലാം ഇടതുമുന്നണിയുടെ വാക്കും പ്രവർത്തിയുംതമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ചു തെളിയിക്കുന്നതാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന് തെല്ലെങ്കിലും വിലകൽപ്പിക്കുന്നുവെങ്കിൽ മദ്യവ്യാപനത്തിനിടവരുന്ന യാതൊരു നടപടിയും സ്വീകരിക്കരുത്. സമ്പൂർണ്ണ ലോക്ഡൗൺകാലത്തെപ്പോലെ സർവ്വ മദ്യശാലകളും അടച്ചുപൂട്ടുകയും വേണം. കോവിഡ് നിയന്ത്രണത്തിന് ഇത് അനിവാര്യമാണെന്ന് അനുഭവത്തിലൂടെ അറിഞ്ഞതാണല്ലോ. അതുകൊണ്ട് ബാറുകൾ തുറക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം. ഇതേവരെതുറന്ന മദ്യവിൽപ്പനകേന്ദ്രങ്ങളെല്ലാം അടച്ചൂപൂട്ടുകയും വേണം. ഫലപ്രദമായ കോവിഡ് പ്രതിരോധത്തിന് അനിവാര്യമാണ് ഇതെല്ലാം. മദ്യകുത്തക കമ്പനികളുടെയും മദ്യലോബിയുടെയും താൽപര്യ സംരക്ഷണത്തിനുപകരം ജനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനുള്ള സർക്കാരിന്റെ ബാധ്യത നിറവേറ്റണമെന്നാണ് എന്റെ അഭ്യർത്ഥന.

സ്‌നേഹപൂർവ്വം വി.എം.സുധീരൻ

ശ്രീ പിണറായി വിജയൻ

ബഹു. മുഖ്യമന്ത്രി

പകർപ്പ് : ശ്രീ. ഇ. ചന്ദ്രശേഖരൻ, ബഹു.റവന്യൂവകുപ്പു മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ, ബഹു.എക്‌സൈസ് വകുപ്പുമന്ത്രി ശ്രീമതി. കെ.കെ. ഷൈലജടീച്ചർ, ബഹു.ആരോഗ്യവകുപ്പു മന്ത്രി ശ്രീ. എ.കെ.ബാലൻ, ബഹു. നിയമവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ബഹു.പ്രതിപക്ഷനേതാവ്‌.