ന്യൂഡൽഹി: ചുഷൂൽ താഴ്‌വരയിൽ ചൈനീസ് പട്ടാളത്തെ നേരിടാൻ ഇന്ത്യൻ സൈന്യത്തോട് ചേർന്ന് നാട്ടുകാരും. സൈനികർക്ക് ആവശ്യമുളള വെളളം, ആഹാരം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾ തലച്ചുമടായി എത്തിച്ചാണ് നാട്ടുകാർ ചൈനയ്ക്കെതിരെയുളള പോരാട്ടത്തിൽ ഭാഗവാക്കാകുന്നത്. ആവശ്യമുളളത് അറിയിച്ചാൽ മാത്രം മതി. പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് കൃത്യമായി സാധനങ്ങൾ എത്തിയിരിക്കും. ഇനി ആവശ്യപ്പെട്ടില്ലെങ്കിലും സാധനങ്ങൾ എത്തിക്കാൻ അവർ തയ്യാർ.
ബ്ലാക്ക് ടോപ്പിൽ (13,000 അടി ഉയരത്തിൽ )വിന്യസിച്ചിരിക്കുന്ന സൈനികർക്കാണ് നാട്ടുകാർ സാധനങ്ങൾ എത്തിക്കുന്നതെന്ന് ഓർക്കണം. ഇവിടേക്ക് സൈനിക നീക്കങ്ങൾക്കുളള സാധനങ്ങൾ എത്തിക്കുന്നത് സൈന്യത്തിനുപോലും കടുത്ത വെല്ലുവിളിയാണ്. നാട്ടുകാരുടെ സ്നേഹത്തിന് മുന്നിൽ വീർപ്പുമുട്ടുകയാണ് ഇന്ത്യൻ സൈനികർ. ആവശ്യമെങ്കിൽ അതിർത്തിയിൽ പ്രശ്നമുണ്ടാക്കുന്ന ചൈനീസ് പട്ടാളത്തെ കായികമായി നേരിടാനും ഇവരിൽ പലരും തയ്യാറാണത്രേ. സന്നദ്ധസേവകരെ പ്രശംസിച്ചുകൊണ്ട് ലഡാക്ക് ഓട്ടോണമസ് ഹിൽ ഡവലപ്പ്മെന്റ് കൗൺസിലിലെ വിദ്യാഭ്യാസ എക്സിക്യൂട്ടീവ് കൗൺസിലർ കൊഞ്ചോക്ക് സ്റ്റാൻസിൽ അവരുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റുചെയ്തത് മണിക്കൂറുകൾക്കകം വൈറലാവുകയും ചെയ്തു. 170 ഓളം കുടുംബങ്ങൾ താമസിക്കുന്ന താഴ്‌വരയിൽ ഭൂരിഭാഗവും ടിബറ്റൻ വംശജരാണ്.
മുൻ സൈനികരും, യുവാക്കളാണ് സൈന്യത്തിന് ആവശ്യമായ സഹായങ്ങൾ നൽകാൻ മുന്നിലുളളത്. ഇവർക്കൊപ്പം സ്ത്രീകളും കുട്ടികളും രംഗത്തുണ്ട്. സാധനങ്ങൾ ചുമന്നും കൈയിൽ തൂക്കിപ്പിടിച്ചും ചെങ്കുത്തായ മലകളിലൂടെ കിലോമീറ്ററുകൾ നടന്നാണ് ഇവർ സൈനികരുടെ അടുത്തെത്തുന്നത്. ഈ യാത്രയിൽ ക്ഷീണവും തളർച്ചയുമൊന്നും അവർക്കൊരു പ്രശ്നമേ അല്ല. രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ സ്വന്തംജീവൻപോലും തൃണവത്ഗണിച്ച് പ്രതികൂല സാഹചര്യങ്ങളോട് പൊരുതി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് സഹായങ്ങൾ നൽകുന്നത് തങ്ങളുടെ കടമയായാണെന്നാണ് അവർ വിശ്വസിക്കുന്നത്.
'യൂണിഫോമില്ലാത്ത സൈനികർ' എന്നാണ് ഇവരെ പലരും വിശേഷിപ്പിക്കുന്നത്. നേരത്തേ തങ്ങൾക്ക് ആവശ്യമുളള സാധനങ്ങൾ എത്തിച്ചുനൽകാൻ സൈനികർ നാട്ടുകാരെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പ്രതിഫലവും നൽകിയിരുന്നു.താഴ്‌വര പിടിച്ചടക്കാനുളള ചൈനയുടെ നീക്കത്തെ ധീരമായി ചെറുത്തതോടെ സൈന്യത്തെ സഹായിക്കാൻ കൂടുതൽ നാട്ടുകാർ രംഗത്തിറങ്ങിയതെന്നാണ് റിപ്പോർട്ട്.
13,000 അടിയിലധികം ഉയരത്തിലാണ് ഇന്ത്യയും ചൈനയും തമ്മിലുളള യഥാർത്ഥ നിയന്ത്രണരേഖ. താഴ്‌വരയിലെ ഉയർന്ന പ്രദേശങ്ങൾ ഇന്ത്യയുടെ പൂർണ നിയന്ത്രണത്തിലാണ്. അതിനാൽ ചൈനയുടെ നീക്കങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ ഇന്ത്യക്ക് കഴിയും. യുദ്ധസമയത്ത് ഈ മേഖലയിൽ ആക്രമണം നടത്താൻ ചൈനീസ് സൈന്യം ഉപയോഗിച്ചിരുന്ന സ്പാൻഗുർ ഇടനാഴിയും ഇന്ത്യൻ സൈന്യത്തിന് വളരെ വ്യക്തമാണ്. ഇതാണ് ചുഷൂൽ കാൽക്കീഴിലാക്കാൻ ചൈനശ്രമിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ചുഷൂൽ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
ഇതിന് സമീപത്ത് സ്ഥിതിചെയ്യുന്ന എയർ സ്ട്രിപ്പിന് തന്ത്രപ്രധാന സ്ഥാനമാണുളളത്. 1962 ലെ ചൈനയുമായുളള യുദ്ധത്തിൽ ഈ എയർ സ്ട്രിപ്പ് വഹിച്ച പങ്ക് നിർണായകമാണ്.
വർഷത്തിൽ എട്ടു മാസം കഠിനമായ ശൈത്യത്തിന്റെ പിടിയിലാവും പ്രദേശം. ഈസമയം താപനില മൈനസ് 30 ഡിഗ്രി സെൽഷ്യസിലേക്കുവരെ എത്തും. മഞ്ഞുവീഴ്ചയും പതിവാണ്. ഈ പ്രതികൂല ഘടകങ്ങളെ അതിജീവിച്ചുവേണം സൈനികർക്കും നാട്ടുകാർക്കും ഇവിടെ കഴിയാൻ.
Ex-Serviceman and Volunteers from #Merak village supplied essential local products and water to #IndianArmy deployed at #GurungHill, #KargyamGurGur, locals are service to the nation. Hats off the all, thank you @IAmErAijaz @majorgauravarya @PMOIndia @KirenRijiju @JTNBJP pic.twitter.com/1vBRTBP8dr
— Konchok Stanzin (@kstanzinladakh) September 5, 2020