train

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് റദാക്കുന്ന ജനശതാബ്‌ദിയും വേണാടും അടക്കമുള്ള ട്രെയിനുകൾ പുനസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാനം. ഇക്കാര്യം ഉന്നയിച്ച് മന്ത്രി ജി സുധാകരൻ റെയിൽവേ മന്ത്രിക്ക് കത്തെഴുതി. റെയിൽവേ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

ആളുകളുടെ എണ്ണം കുറവെങ്കിലും ട്രെയിൻ സർവീസുകളെ ഇപ്പോൾ ആശ്രയിക്കുന്നത് മറ്റ് ഗതാഗത മാർഗങ്ങളില്ലാത്തവരും അത്യാവശ്യക്കാരുമാണ്. അവരെ പരിഗണിക്കണമെന്നാണ് ജനപ്രതിനിധികളുടെയും ആവശ്യം. എം.പിമാരായ എം.കെ രാഘവനും ഹൈബി ഈഡനും ബിനോയ് വിശ്വവും അടക്കമുള്ളവർ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.

കൊവിഡ് കാരണം ദീർഘ ദൂര ബസ് സർവീസുകൾ ഉൾപ്പടെ ഇല്ലെന്നും ജനങ്ങളുടെ ഏക യാത്രാമാർഗം അടയ്ക്കരുതെന്നും മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിനയച്ച കത്തിൽ ആവശ്യപ്പെട്ടു. തീരുമാനം പുന:പരിശോധിക്കണമെന്ന് ദക്ഷിണ റെയിൽവേയും റെയിൽവേ ബോർഡിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മാത്രം ഇന്ന് ജനശതാബ്ദിയിൽ കയറിയ യാത്രക്കാരുടെ എണ്ണം 298 ആണ്.

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയിൽ 24.25ശതമാനവും കണ്ണൂർ ജനശതാബ്ദിയിൽ 20. 86 ശതമാനവും തിരുവനന്തപുരം - എറണാകുളം സ്‌പെഷ്യൽ ട്രെയിനിൽ 13.29 ശതമാനവും മാത്രമാണ് യാത്രക്കാരെന്നാണ് റെയിൽവേയുടെ കണക്ക്. സ്‌റ്റോപ്പുകൾ വെട്ടിക്കുറച്ചതും യാത്രാസമയം ക്രമീകരിച്ചതിലെ അപാകതകളുമാണ് സർവീസുകൾ നഷ്ടത്തിലാക്കാൻ കാരണമെന്ന് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാടുന്നു.