തിരുവനന്തപുരം: അടിക്കടി ഉണ്ടാകുന്ന തീപിടിത്തങ്ങൾക്ക് ശേഷവും നഗരം ഇപ്പോഴും ആശങ്കയുടെ തീച്ചൂളയിൽ തന്നെ. തീപിടിത്തങ്ങളുണ്ടാകുമ്പോൾ ഫയർ സുരക്ഷാ ഓഡിറ്റിനെയും തീപിടിത്തം തടയാനുള്ള നടപടികളെ കുറിച്ചും വ്യാപകമായ ചർച്ചകൾ നടക്കുന്നതൊഴിച്ചാൽ പിന്നീട് നടപടികളൊന്നും ഉണ്ടാകാറില്ലെന്നതാണ് ഓരോ തീപിടിത്തവും നൽകുന്ന പാഠം. അധികാരികളും പൊലീസും സുരക്ഷയുടെ കാര്യം സൗകര്യപൂർവം മറക്കുമ്പോൾ എല്ലാം ആരംഭശൂരത്വം മാത്രമായി ഒതുങ്ങും.
ആശങ്കയുടെ 'തീ' ചൂളയിൽ നഗരം
തലസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായത് ചെറുതും വലതുമായ അര ഡസനോളം തീപിടിത്തങ്ങളാണ്. ഒരിടത്തും ആളപായം ഉണ്ടായില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ കോട്ടയ്ക്കകത്തെ ഗോഡൗൺ തീപിടിച്ചതിന് പിന്നാലെ തലസ്ഥാനത്തെ അഗ്നിസുരക്ഷാവിഭാഗം നഗരത്തിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. 400ലേറെ സ്ഥാപനങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി. ഇവയുടെ പട്ടിക നഗരസഭയ്ക്കും കൈമാറി. എന്നാൽ, നഗരസഭയും തന്ത്രപൂർവം കൈകഴുകി, തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
കബളിപ്പിക്കൽ തകൃതി
തീപിടിത്തത്തിൽ നിന്ന് സംരക്ഷണം നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് സ്ഥാപന ഉടമകൾക്ക് നിർദ്ദേശം നൽകിയാലും മിക്കവരും മുൻവശംമാത്രം മോടികൂട്ടി അധികൃതരെ തന്ത്രപരമായി കബളിപ്പിക്കുകയാണ് പതിവ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നഗരസഭാധികൃതർ പരിശോധിക്കാത്തതും ഇവർക്ക് അനുഗ്രഹമാകുന്നു. സുരക്ഷാമാനദണ്ഡങ്ങൾ ഒരുക്കണമെങ്കിൽ വലിയൊരു തുക ചെലവിടണം. ഇതാണ് പലരേയും പരിമിത സൗകര്യങ്ങളിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
അശ്രദ്ധയും അപകടകാരണമാകാം
ചില വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർ താമസിക്കുന്നതും പതിവാണ്. കുടുസു മുറികളിൽ താമസിക്കുന്ന ഇവർ തീ പിടിക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ അശ്രദ്ധമായി ചെയ്യുന്നത് വലിയ വിപത്താണ് ക്ഷണിച്ചു വരുത്തുന്നത്. രാത്രികാലങ്ങളിൽ തീപിടിത്തം ഉണ്ടായാൽ അപകടത്തിന്റെ വ്യാപ്തി കൂടും. മാത്രമല്ല, മിക്ക കടകളുടെയും ഗോഡൗണുകളിൽ ഉപയോഗശൂന്യമായ സാധനങ്ങൾ അലക്ഷ്യമായി കൂട്ടിയിടുന്നതും പതിവാണ്. ഇവയൊക്കെ ഏത് സമയത്തും തീപിടിക്കാവുന്ന സ്ഥിതിയിലാണ് പലയിടത്തും സൂക്ഷിച്ചിരിക്കുന്നത്. കുറച്ചുനാൾ മുമ്പ് പഴവങ്ങാടിയിലെ ഒരു സ്ഥാപനത്തിലുണ്ടായ തീപിടിത്തവും ഇത്തരത്തിലൊന്നായിരുന്നു. ഒരു മുറിയിൽ ഉപയോഗമില്ലാത്ത സാധനങ്ങൾ കൂട്ടിയിട്ടിരുന്നു. ഇടുങ്ങിയ മുറിയിൽ തിങ്ങിഞെരുങ്ങി കിടന്ന ഇവ അന്തരീക്ഷ ഊഷ്‌മാവിലെ വ്യതിയാനം കാരണം തീപിടിക്കുകയായിരുന്നു. ഇങ്ങനെയുണ്ടാകുന്ന തീ, എ.സി അടക്കമുള്ള വൈദ്യുതോപകരണങ്ങളിലേക്ക് പടരാൻ ക്ഷണനേരം മതിയാകും.
തീ അണയ്ക്കുന്നതും വെല്ലുവിളി
തീപിടിത്തം അറിഞ്ഞെത്തുന്ന ഫയർ ഫോഴ്സിന് വെല്ലുവിളിയാണ് വ്യാപാര സ്ഥാപനങ്ങളിലെ ഭൂമിശാസ്ത്രപരമായ നിലനിൽപ്പ്. പലയിടത്തും ഭൂരിഭാഗം സ്ഥാപനങ്ങളും തിങ്ങിഞെരുങ്ങിയാണ് സ്ഥിതി ചെയ്യുന്നത്. ഒരിടത്ത് തീപിടിച്ചാൽ മറ്റൊന്നിലേക്ക് പടരാൻ ക്ഷണനേരം മതി. പലയിടത്തേയും പ്രവേശന കവാടങ്ങൾ വളരെ ഇടുങ്ങിയതാണ്. തീ അണയ്ക്കാനെത്തുന്ന ഫയർ ഫോഴ്സിന് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതുകാരണം നാശനഷ്ടത്തിന്റെ തോത് വലുതാകും. ഇടവഴികളിലൂടെയും മറ്റും ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് വേഗത്തിൽ കയറിച്ചെല്ലാനാകില്ല.
ചാലയിലും 'തീ ബോംബ്'
ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമായ ചാല കമ്പോളമാണ് തീപിടിത്ത ഭീഷണിയുള്ള നഗരത്തിലെ മറ്റൊരു കേന്ദ്രം. ഇവിടെ അഗ്നിബാധയുണ്ടായാൽ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്കു കടന്നുചെല്ലാൻ കഴിയില്ല. അത്ര ഇടുങ്ങിയതാണ് ഇവിടത്തെ വഴികൾ. പലപ്പോഴും തൊഴിലാളികളും കടക്കാരും ചേർന്നാണ് തീ അണയ്ക്കുക.