ലോസ്ആഞ്ചലസ് : ' ചാർലി ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറി ' എന്ന കഥ കേട്ടിട്ടുണ്ടോ ? റൊആൽഡ് ദാൽ എന്ന ബ്രിട്ടീഷ് എഴുത്തുകാരൻ രചിച്ച ഈ ബാലസാഹിത്യ കൃതിയെ ആസ്പദമാക്കി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. വില്ലി വോങ്ക എന്ന ചോക്ലേറ്റ് ഫാക്ടറി ഉടമയുടെയും അദ്ദേഹത്തിന്റെ ഫാക്ടറിയ്ക്കുള്ളിലെത്തുന്ന ചാർലി ബക്കറ്റ് എന്ന കൊച്ചുകുട്ടിയുടെയും രസകരമായ കഥ. ഈ കഥയെ ആസ്പദമാക്കി ശരിക്കും ഒരു മത്സരം നടത്താനൊരുങ്ങുകയാണ് ജെല്ലി ബെല്ലി ജെല്ലി ബീൻസ് എന്ന മിഠായി കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ ഡേവിഡ് ക്ലെയ്‌ൻ. താൻ നടത്താൻ പോകുന്ന മത്സരത്തിലെ വിജയിക്ക് സമ്മാനമായി ലഭിക്കുക അദ്ദേഹത്തിന്റെ മിഠായി ഫാക്ടറികളിൽ ഒന്നും 5,000 ഡോളറുമാണ്.
രാജ്യവ്യാപകമായാണ് ക്ലെയ്‌ൻ മത്സരം നടത്തുന്നത്. അമേരിക്കയിലെ ജനപ്രിയ മിഠായി കമ്പനിയായ ജെല്ലി ബെല്ലി ബ്രാൻഡിന്റെ സ്ഥാപകനാണ് ക്ലെയ്ൻ. പിച്ചളയിൽ പൊതിഞ്ഞ ഡോഗ് ടാഗുകളോട് കൂടിയ നെക്‌ലസ് ആണ് മത്സരത്തിൽ പങ്കെടുക്കാനുള്ള ' ഗോൾഡൻ ടിക്കറ്റ് '. യു.എസിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ നെക്‌ലസുകൾ ഒളിപ്പിക്കുമത്രെ. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 49.98 ഡോളർ നൽകിയാൽ മത്സരത്തിനുള്ള എൻട്രി ലഭിക്കും. ഓരോ സംസ്ഥാനങ്ങളിൽ ഉള്ളവർക്കും ട്രഷർഹണ്ടിനായി പ്രത്യേക നിർദ്ദേശങ്ങൾ ലഭിക്കും. സെപ്റ്റംബർ 30ന് ജോർജിയ സംസ്ഥാനത്തുള്ള മത്സരാർത്തികൾക്ക് ട്രഷർഹണ്ട് ആരംഭിക്കും. ഓരോ സംസ്ഥാനത്തിനും ട്രഷർഹണ്ട് വിവരങ്ങൾ ലഭിക്കുന്നതിന്റെ ഷെഡ്യൂൾ അധികൃതർ വെബ്സൈറ്റ് വഴി അറിയിക്കും.
ഓരോ സംസ്ഥാനത്തും 1,000 പേർക്കാണ് അവസരം. പ്രൈവറ്റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ട്രഷർഹണ്ടിനുള്ള നിർദ്ദേശങ്ങൾ നൽകും. ഓരോ സംസ്ഥാനത്തും ഗോൾഡൻ ടിക്കറ്റ് സ്വന്തമാക്കുന്നവരെ അൾട്ടിമേറ്റ് ട്രഷർഹണ്ടിൽ പങ്കെടുപ്പിക്കും. ഇതിൽ വിജയിക്കുന്നവർക്ക് ക്ലെയിനിന്റെ ഫ്ലോറിഡയിലുള്ള ജെല്ലി ബീൻ ഫാക്ടറിയുടെ താക്കോൽ ലഭിക്കും. 4,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ മിഠായി ഫാക്ടറി സ്ഥിതി ചെയ്യുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ഫേസ്ബുക്ക് അക്കൗണ്ട് നിർബന്ധമാണ്. 1976ലാണ് ക്ലെയ്‌ൻ ഇപ്പോഴത്തെ ജെല്ലി ബെല്ലി ജെല്ലി ബീൻ മിഠായി കണ്ടെത്തിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷം തന്റെ ഓഹരി വിറ്റ ക്ലെയ്‌ൻ കമ്പനിയിൽ നിന്നും പടിയിറങ്ങിയിരുന്നു. തുടർന്ന് സ്വതന്ത്രമായി മിഠായി വിപണന രംഗത്തേക്ക് കടക്കുകയായിരുന്നു.