wildfire

വാഷിംഗ്ടൺ: കൊവിഡ് പ്രതിസന്ധിയ്ക്കിടെ കാലിഫോർണിയയിൽ കഴിഞ്ഞ ശനിയാഴ്ച പൊട്ടിപുറപ്പെട്ട കാട്ടുതീയിൽ അമേരിക്കയിലെ വെസ്റ്റ് കോസ്റ്റ് മേഖലയിൽ കനത്ത നാശം. വാഷിംഗ്ടൺ, ഒറിഗോൺ എന്നിവിടങ്ങളടക്കം പല പ്രദേശങ്ങളും തീയുടെ പിടിയിലാണ്. ഒരു വയസുകാരനടക്കം ഏഴ് പേർ കാട്ടുതീയിൽപ്പെട്ട് മരിച്ചതായാണ് വിവരം.

വടക്കൻ കാലിഫോർണിയയിൽ, അതിവേഗം പടരുന്ന അഗ്നിബാധയുടെ ഭീകരമായ രംഗങ്ങളാണ് പുറത്തുവരുന്നത്. കാട്ടുതീയുടെ പുകയും തീയുടെ ഓറഞ്ച് നിറവുമാണ് പ്രദേശത്താകെയുള്ളത്. അഗ്നിബാധ മൂലം ആയിരക്കണക്കിന് ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്തു.

ഒറിഗോണിൽ മണിക്കൂറിൽ 45 മൈൽ വേഗത്തിലാണ് തീ പടർന്ന് പിടിക്കുന്നത്. രണ്ട് നഗരങ്ങൾ പൂർണമായും കത്തിയമർന്നു. ആയിരത്തിലധികം വീടുകൾ കത്തി നശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കാലിഫോർണിയയുടെ ചരിത്രത്തിൽ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കഠിനമായ കാട്ടുതീയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 25 ദശലക്ഷം പ്രദേശം അഗ്നിക്കിരയായി. കഴിഞ്ഞ വർഷമുണ്ടായ കാട്ടുതീയുടെ 20 ഇരട്ടി നാശമാണിത്.

വാഷിംഗ്ടണിൽ ഈ ആഴ്ചമാത്രം 4,800,00 ഏക്കറോളം ഭൂമി കത്തി നശിച്ചു. നിരവധി കെട്ടിടങ്ങൾക്കും നാശമുണ്ടായിട്ടുണ്ട്. വീടുകൾക്ക് പുറമെ, പോസ്റ്റ് ഓഫീസ്, ഫയർ സ്റ്റേഷൻ അടക്കമുള്ള മുനിസിപ്പൽ കെട്ടിടങ്ങളും കത്തി നശിച്ചു.

ഒറിഗോണിൽ 3,00,000 ഏക്കർ ഭൂമി അഗ്നിക്കിരയായി. ചൂടും തുടർച്ചയായ ഉഷ്ണക്കാറ്റുമാണ് തീയുടെ ആക്കം കൂട്ടിയിരിക്കുന്നത്. അതേസമയം, കാട്ടുതീയ്ക്ക് കാരണം പ്രദേശവാസികളിൽ ചിലരുടെ അശ്രദ്ധ എന്നാണ് റിപ്പോർട്ട്. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം വെളിപ്പെടുത്തുന്ന 'ജെൻഡർ റിവീൽ' പാർട്ടിക്കൊപ്പം നടത്തിയ കരിമരുന്ന് പ്രയോഗമാണ് തീപടരാൻ കാരണമായതെന്നാണ് വിവരം.