mammootty-birthday

മലയാളക്കര ഒന്നാകെ ആഘോഷിച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ക്ഷണിക്കാത്തതിൽ വാശിപിടിച്ച് കരഞ്ഞ നാലു വയസുകാരി പീലിയെന്ന ദുവയെ കുടുംബസമേതം വീട്ടിലേക്ക് ക്ഷണിച്ച് മമ്മൂട്ടി. വാശിപിടിച്ച് കരയുന്ന പീലി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ആ കുട്ടി ഏതെന്ന ചോദ്യവുമായി സാക്ഷാൽ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെയാണ് കൊവിഡ് അൽപ്പം കുറഞ്ഞാൽ കുടുംബസമേതം കാണാമെന്ന മമ്മൂട്ടിയുടെ ഉറപ്പ് പീലിയുടെ കുടുംബത്തിന് ലഭിച്ചത്.


മലപ്പുറം പെരിന്തൽമണയിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റായ തിരൂർക്കാട് സ്വദേശി ഹമീദലി പുന്നക്കാടന്റേയും സജിലയുടെയും മകളാണ് പീലി. മമ്മൂട്ടിയുടെ ജന്മദിനമെന്ന് വീട്ടിൽ പറഞ്ഞപ്പോഴാണ് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കുഞ്ഞു പീലി പൊട്ടിക്കരഞ്ഞത്. അച്ഛൻ ഫാൻസ് അസോസിയേഷൻ പ്രസിഡന്റായതിനാൽ തന്നെ മമ്മൂട്ടിയുടെ വിശേഷങ്ങളും സിനിമകളും വീട്ടിൽ എപ്പോഴും ചർച്ചയും ആഘോഷവും ആണ്. അങ്ങനെ പീലിമോൾക്ക്‌ മമ്മൂക്ക പ്രിയപ്പെട്ട ആളാണ്. പീലി വാശി പിടിച്ച് കരയുന്ന വീഡിയോ മമ്മൂട്ടി തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

"ഞാൻ മമ്മുക്കയുടെ കടുത്ത ആരാധകൻ ആണ്. ഫാൻസ് അസോസിയേഷന്റെ ചുമതല ഒക്കെ ഉണ്ട്. രണ്ട് മൂന്ന് ദിവസം മുമ്പ് മമ്മൂക്കയുടെ പിറന്നാളിന് ആശംസ നൽകി മോളെ കൊണ്ട് ഒരു വീഡിയോ എടുത്തിരുന്നു. അത് കഴിഞ്ഞ് മമ്മൂക്കയുടെ പിറന്നാളിന്റെ അന്ന് ഞാനും ഭാര്യയും പുറത്ത് പോയിരുന്നു. തിരിച്ച് വന്നപ്പോൾ മോൾ കരുതി ഞങ്ങൾ മമ്മൂക്കയുടെ പിറന്നാൾ ആഘോഷത്തിന് പോയതാണ് എന്ന്. അവളെ കൂട്ടാതെ പോയതിന് ആയിരുന്നു കരഞ്ഞത്. " എന്നാണ് ഹമീദലി പറയുന്നത്.

മമ്മൂട്ടിയുടെ പി.ആർ.ഒക്കാണ് ആദ്യം ഹമീദലി വീഡിയോ അയച്ച് കൊടുത്തത്. പരിചയമുള്ളതിനാൽ തന്നെ ഞങ്ങൾ പിറന്നാളിന് വന്നില്ല എന്ന് മോളോട് പറയണം എന്ന് പറയാൻ കൂടി ആണ് വീഡിയോ അയച്ചത്. അത് പിന്നീട് മമ്മൂട്ടി ഷെയർ ചെയ്യുകയായിരുന്നു. പീലി കരഞ്ഞ വീഡിയോ എടുത്തപ്പോൾ ഇങ്ങനെ അത് വൈറൽ ആകും എന്ന് ഹമീദലിയും കുടുംബവും സ്വപ്‌നത്തിൽ പോലും കരുതിയില്ല.