കുട്ടികളുടെയും മധുരപ്രിയരുടെയും ഇഷ്ടവിഭവമാണല്ലോ ഐസ്ക്രീം. പ്രായഭേദമന്യെ ഐസ്ക്രീം നുണയാൻ കൊതിക്കാത്തവരായി ആരാണുള്ളത്. നമ്മളെല്ലാം കിട്ടാൻ കൊതിക്കുന്ന ഒരു ജോലിയാണ് അമേരിക്കക്കാരൻ ജോൺ ഹാരിസൺ. ഐസ്ക്രീമിന്റെ രുചി നോക്കുക എന്നതാണ് പുള്ളിയുടെ ജോലി. വിരമിക്കുന്നതുവരെ ഏകദേശം 75 കോടി ലിറ്റർ ഐസ്ക്രീം കഴിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. മാത്രവുമല്ല അദ്ദേഹത്തിന്റെ നാക്കിന് പത്ത് കോടി രൂപയുടെ ഇൻഷുറൻസും ഉണ്ടായിരുന്നു.
1942 ലാണ് ജോൺ ഹാരിസന്റെ ജനനം. കുട്ടിക്കാലം മുതലേ ഐസ്ക്രീം കഴിക്കലായിരുന്നു പ്രധാന ഹോബി. ഹാരിസന്റെ പിതാവിന്റെ കുടുംബം ഐസ്ക്രീം വ്യവസായികളായിരുന്നു. മുത്തശ്ശനും അമ്മാവന്മാർക്കും ഐസ്ക്രീം പാർലറുകൾ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ, അമ്മാവന്റെ ഉടമസ്ഥതയിലുള്ള ഐസ്ക്രീം ഫാക്ടറിയിൽ ജോൺ സഹായിക്കുമായിരുന്നു. പിന്നെ 'ഐസ്ക്രീം രുചിക്കൽ' ഒരു തൊഴിലാക്കാൻ ജോൺ തീരുമാനിച്ചു.
1980ലാണ് ഡ്രയേഴ്സ് എന്ന ഐസ്ക്രീം കമ്പനിയുടെ "ഔദ്യോഗിക രുചി പരീക്ഷകൻ' ആയാണ് ജോൺ ജോലിക്ക് കയറിയതും പിന്നീട് ലോക പ്രശസ്തനായതും. 2010 ൽ വിരമിക്കുന്നതുവരെ അവിടെ സേവനമനുഷ്ഠിച്ചു.
ജോലിയിലിരുന്ന സമയത്ത് ദിവസവും ശരാശരി അറുപത് ഐസ്ക്രീം ഫ്ലേവറുകളെങ്കിലും അദ്ദേഹം രുചിച്ചിട്ടുണ്ട്. പക്ഷേ, രുചിക്കുന്ന ഐസ്ക്രീമുകൾ മുഴുവൻ ജോൺ കഴിക്കാറില്ല, പകരം അത് തുപ്പിക്കളയും. തടിയും ഷുഗറും കൂടുമെന്ന് ഭയന്നിട്ടുതന്നെ. നൂറിലധികം ഐസ്ക്രീം ഫ്ലേവറുകൾ സൃഷ്ടിക്കാനും അദ്ദേഹം സഹായിച്ചിട്ടുണ്ട്. 'കുക്കീസ് ആൻഡ് ക്രീം' എന്ന ഐസ്ക്രീം ഫ്ലേവർ ഉണ്ടാക്കിയത് ജോൺ ആണെന്ന റിപ്പോർട്ടുകളുണ്ട്.
ജോണിന്റെ നാക്കിലെ രുചി മുകുളങ്ങൾ വളരെ വിലപ്പെട്ടതാണ്. "ഐസ്ക്രീം മാൻ ഇൻ അമേരിക്ക " എന്ന് അറിയപ്പെട്ട ജോൺ തന്റെ രുചിമുകുളങ്ങളെ പരിപാലിക്കാൻ കർശനമായ ഭക്ഷണക്രമമാണ് പിന്തുടർന്നത്. ഐസ്ക്രീം രുചിക്കുന്നതിനായി സ്വർണ്ണം പൂശിയ സ്പൂൺ ആണ് ഉപയോഗിച്ചിരുന്നത്. പ്ലാസ്റ്റിക്കിന്റെയോ തടിക്കഷ്ണത്തിന്റെയോ രുചി വായിൽ പറ്റാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ജോൺ ഇപ്പോഴും പല ടി.വി പരിപാടികളിലും പങ്കെടുക്കാറുണ്ട്.