ബംഗളൂരു: മയക്കുമരുന്നിന്റെ മായാലോകത്ത് ചിറകുവിരിച്ച് പറക്കുന്നതിനിടെ നിയമത്തിന്റെ കുരുക്കിൽപെട്ട് കഴിഞ്ഞ ദിവസം ഇരുമ്പഴിക്കുളളിലായ കന്നഡയിലെ ഹോട്ട് സ്റ്റാർ സഞ്ജന ഗൽറാണിക്ക് വലിയൊരു സിനിമാ ചരിത്രമൊന്നും പറയാനില്ല. വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ചതൊഴിഞ്ഞാൽ പിന്നീടുളളതെല്ലാം അതിഥി താര വേഷങ്ങളായിരുന്നു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഒരുപക്ഷേ, ഈ അതിഥി വേഷമായിരുന്നു പലപ്പോഴും സഞ്ജനയ്ക്ക് ആടേണ്ടിവന്നത്. സഹോദരിയും തെന്നിന്ത്യൻ നടിയുമായ നിക്കി ഗൽറാണി താരറാണി പദവിയിലേക്ക് ഓടിക്കയറുമ്പോൾ സഞ്ജന മയക്കുമരുന്നിന്റെ നിഗൂഢമായ ഇടങ്ങളിലേക്കുളള യാത്രയിലായിരുന്നു.
മോഡലിംഗിൽ കമ്പം
ബംഗളൂരുവിലെ സിന്ധി കുടുംബത്തിൽ 1989 ഒക്ടോബർ 10ന് ജനനം. പഠനകാലത്ത് തന്നെ മോഡലിംഗിൽ കമ്പം കയറി. കോളേജ് ജീവിതത്തിന് ശേഷവും മോഡലിംഗ് തുടർന്നു. പല ഫാഷൻ ഷോകളിലും ശ്രദ്ധേയമായി. ഇതോടെ സിനിമയിലേക്കുളള വഴി തുറന്നു. ബോളിവുഡ് നടൻ ജോൺ എബ്രഹാമിനൊപ്പം ഫാസ്ട്രാക്കിന്റെ പരസ്യത്തിൽ അഭിനയിച്ച സഞ്ജന അമ്പതിലേറെ പരസ്യചിത്രങ്ങളിൽ വേഷമിട്ടു. പരസ്യചിത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്ന സഞ്ജന ബോളിവുഡ് ചിത്രമായ മർഡറിന്റെ കന്നട റീമേക്കായ ഗന്ധ ഹെന്ദതി എന്ന ചിത്രത്തിലൂടെ 2006ലാണ് സിനിമയിൽ അരങ്ങേറിയത്. നരസിംഹ, ഒണ്ടു ക്ഷനദളളി, സാഗർ, യമഹോ യമ തുടങ്ങിയ കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു. 2008ൽ ബുജ്ജിഗഡു എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാലോകത്ത് ചുവടുവച്ചു. പ്രഭാസും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് പുരി ജഗന്നാഥ് ആയിരുന്നു. ജഗൻ നിർദോഷി, പൊലീസ് പൊലീസ്, മൈലാരി, ഐ ആം സോറി മാതേ ബാനി പ്രീത്‌സോണ, ഹുദുഗ ഹുദുഗി എന്നിവയാണ് സഞ്ജനയുടെ മറ്റ് പ്രധാന തെലുങ്ക് ചിത്രങ്ങൾ.
മലയാളത്തിലും എത്തിനോക്കി
ചേച്ചി നിക്കി ഗൽറാണി തെന്നിന്ത്യൻ സിനിമാരംഗം ചുരുങ്ങിയ കാലം കൊണ്ടാണ് കീഴടക്കിയത്. എന്നാൽ, നിക്കിയുടെ അനുജത്തി എന്ന ലേബൽ ഉണ്ടായിട്ടുപോലും സഞ്ജനയ്ക്ക് കന്നഡയിൽ തിളങ്ങാനായില്ല. ചേച്ചിയുടെ നിഴലിൽ നിന്ന് പുറത്തുവരാൻ സഞ്ജന അധികം മെനക്കെട്ടതുമില്ല. നിക്കി മലയാള സിനിമയിലെ ഭാഗ്യനായിക ആയപ്പോൾ സഞ്ജനയും ആ പാത പിന്തുടർന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. മോഹൻലാലിനൊപ്പം കാസനോവ എന്ന ചിത്രത്തിലും മമ്മൂട്ടിയും സുരേഷ്ഗോപിയും ഒന്നിച്ച കിംഗ് ആൻഡ് കമ്മിഷണറിലുമൊക്കെ അഭിനയിച്ചെങ്കിലും സഞ്ജനയെ മലയാളി പ്രേക്ഷകർ അകറ്റിനിറുത്തി.
എല്ലാം മാറ്റിമറിച്ച ലഹരി
ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് സഞ്ജന എപ്പോഴും പറയുമായിരുന്നു. അങ്ങനെ ആസ്വാദനത്തിന്റെ രുചി തേടിപ്പോയ സഞ്ജന പക്ഷേ, ചെന്നുപെട്ടത് മയക്കുമരുന്നിന്റെ വിഭ്രാത്മക ലോകത്തേക്ക് ആയിരുന്നു. അവിടെ പുതിയ സൗഹൃദങ്ങളും വ്യക്തികളും കടന്നുവന്നു. ആരെന്നൊ എന്തെന്നോ അറിയാത്ത ലോകവും വ്യക്തികളും. പക്ഷേ, സിനിമാജീവിതം പച്ചപിടിക്കാത്തതിലെ നിരാശ മയക്കുമരുന്നിലൂടെ മറികടക്കാൻ നോക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽപനക്കാരുമായി ചങ്ങാത്തം കൂടി. ഇതിനിടയിൽ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ സമയമില്ലാതായി. എന്നാൽ, തന്റെ നിഗൂഢമായ ഈ ജീവിതം പൊതുസമൂഹത്തിൽ ചർച്ചയാകാതിരിക്കാൻ സഞ്ജന പരമാവധി ശ്രദ്ധിച്ചു. സഹോദരി നിക്കി പോലും ഇതറഞ്ഞില്ല. ഇതിനിടെയാണ് വ്യവസായായ രാഹുൽ ഷെട്ടിയുമായി സഞ്ജന സൗഹൃദത്തിലായത്. ഇരുവരും പാർട്ടികളിലും മറ്റും ഒന്നിച്ചു പങ്കെടുത്തു. തനിക്ക് സഹോദരനെ പോലെയാണ് രാഹുലെന്ന് സഞ്ജന പലപ്പോഴും പറഞ്ഞതിനാൽ തന്നെ ഗോസിപ്പ് കോളങ്ങൾ അവരെ കെൈയൊഴിഞ്ഞു. രാഹുൽ ഷെട്ടിക്ക് മയക്കുമരുന്ന് ഇടപാടുകാരുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. രാഹുലിന്റെ സുഹൃത്ത് എന്ന നിലയിൽ സഞ്ജനയും അവർക്ക് പ്രിയപ്പെട്ടവളായി.
രാഗിണിയുമായി കൂട്ട്
സിനിമാ പാർട്ടികൾക്ക് ലഹരിമരുന്ന് എത്തിച്ചിരുന്ന രാഹുൽ നേരത്തെ തന്നെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടപ്പുള്ളിയായിരുന്നു. രാഹുൽ തന്നെയാണ് കേസിൽ നേരത്തേ അറസ്റ്റിലായ കന്നഡയിലെ സൂപ്പർ നടി രാഗിണി ദ്വിവേദിയെ സഞ്ജനയ്ക്ക് പരിചയപ്പെടുത്തിയത്. പിന്നീട് ഈ ബന്ധം സുദൃഢമായി. രാഗിണിക്കൊപ്പം സഞ്ജന ലഹരി മരുന്ന് പാർട്ടികളിൽ പങ്കെടുക്കാനും തുടങ്ങി. മയക്കുമരുന്ന് കേസ് പുറത്തുവന്നതോടെ ഈ ചിത്രങ്ങളെല്ലാം പൊങ്ങിവന്നിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ തന്റെ പേര് ഉയർന്നപ്പോൾ എല്ലാം നിഷേധിച്ച് പ്രസ്താവനയിറക്കി. ''ആളുകൾ മദ്യം കഴിക്കുന്നതും ക്ലബ്ബുകളിൽ പാർട്ടി നടത്തുന്നതും ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ അതിനപ്പുറം എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എനിക്ക് മയക്കുമരുന്നുമായി ഇടപെട്ടുള്ള അനുഭവങ്ങളുമില്ല. അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിതയാകുന്നത് വളരെ അരോചകമാണ്. ഞങ്ങളുടെ കന്നഡ ചലച്ചിത്ര വ്യവസായത്തെ ഇതിലേക്ക് വലിച്ചിഴച്ചതിൽ വളരെ സങ്കടമുണ്ട്''. എന്നാൽ ഈ വാക്കുകൾ സഞ്ജനയെ ഇപ്പോൾ സിനിമാലോകത്തിനു മുന്നിൽ പരിഹാസ്യയാക്കിയിരിക്കുകയാണ്.
കുരുക്കായി നിയാസുമായുള്ള ബന്ധവും
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യുവമോഡൽ നിയാസ് മുഹമ്മദുമായുള്ള ബന്ധവും സഞ്ജനയ്ക്ക് വിനയായി. സഞ്ജനയുടെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ച് എൻ.സി.ബിക്ക് വിവരം നൽകിയതും നിയാസ് തന്നെയാണ്. കേരളത്തിലെ ഫാഷൻ ഷോകളിലെ ചിരപരിചിത മുഖമാണ് നിയാസിന്റേത്. നിരവധി മോഡലുകളുമായി നിയാസിന് അടുത്ത ബന്ധമുണ്ട്. നിയാസ് വിരൽ ഞൊടിച്ചാൽ മോഡലുകൾ എവിടെ നിന്നുവേണേലും പറന്നെത്തും. അതായിരുന്നു ബന്ധങ്ങൾ. ഇത്തരത്തിലൊരു റാമ്പ് വാക്കിലാണ് സഞ്ജനയുമായി നിയാസ് പരിചയപ്പെടുത്തുന്നത്. പിന്നീട് ഈ ബന്ധം ഊഷ്‌മളമായി നിറുത്താൻ സഞ്ജന പ്രത്യേകം ശ്രദ്ധിച്ചു. ബംഗളൂരുവിൽ അഞ്ച് വർഷമായി സ്ഥിരതാമസക്കാരനാണ് നിയാസ്. വിവാഹമോചിതനാണ്. യുവനടൻ ടൊവിനോ തോമസ് നായകനായ കൽക്കി എന്ന സിനിമയിൽ വില്ലൻ വേഷത്തിൽ നിയാസ് എത്തിയിരുന്നു. കന്നഡയിൽ ചുരുക്കം ചില സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. സിനിമാക്കാർക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന്റെ മാസ്റ്റർ ബ്രെയിൻ നിയാസായിരുന്നുവെന്നാണ് എൻ.സി.ബി പറയുന്നത്. സഞ്ജനയുമൊത്തുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും നിയാസ് തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പാർട്ടികളിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളും എൻ.സി.ബിക്ക് ലഭിച്ചിട്ടുണ്ട്.