china

ന്യൂഡൽഹി: ആഗസ്റ്റ് 29ന് അര്‍ധരാത്രിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് ചുഷുല്‍ ഉപമേഖല രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ചുഷുല്‍ ഉപമേഖലയുടെ എതിര്‍വശത്തുള്ള കൈലാഷ് പര്‍വതനിരയുടെ ഉയര്‍ന്ന പാത ഇന്ത്യന്‍ സൈന്യം കൈവശപ്പെടുത്തി. പാംഗോംഗ് തടാകത്തിന്റെ നോര്‍ത്ത് ബാങ്ക്, ഡെപ്‌സാംഗ്, ഗാല്‍വാന്‍, ഗോഗ്ര ഹോട്ട് സ്പ്രിംഗ്‌സ് എന്നിവിടങ്ങളില്‍ ചെയ്തതുപോലെ ചൈനക്കാര്‍ വീണ്ടും കൈലാഷ് റേഞ്ച് പ്രദേശത്ത് സജീവമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ സൈന്യം കരുതി.

ഇതോടെ ചുഷുല്‍ ഉപമേഖല വാർത്തകളിൽ ഇടം പിടിച്ചു. എവിടെയാണ് ചുഷുല്‍ ഉപമേഖല, ഇരു സൈന്യങ്ങള്‍ക്കും ഈ പ്രദേശം എത്രത്തോളം പ്രധാനമാണ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.


ചുഷുല്‍ ഉപമേഖല

കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് സോ തടാകത്തിന്റെ തെക്കുഭാഗത്തോട് ചേര്‍ന്നാണ് ചുഷുല്‍ ഉപമേഖല സ്ഥിതിചെയ്യുന്നത്. ഉയരമുള്ളതും തകര്‍ന്നുകിടക്കുന്നതുമായ പര്‍വതങ്ങളും തതുംഗ്, ബ്ലാക്ക് ടോപ്പ്, ഹെല്‍മെറ്റ് ടോപ്പ്, ഗുരുംഗ് ഹില്‍, മാഗര്‍ ഹില്‍ തുടങ്ങിയ ഉയര്‍ന്ന സ്ഥലങ്ങളും ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. കൂടാതെ റെസാംഗ് ലാ, റെചിന്‍ ലാ, സ്പാന്‍ഗുര്‍ ഗ്യാപ്പ് എന്നീ ചുരങ്ങളും ചുഷുല്‍ താഴ്വരയും ചുഷുല്‍ ഉപമേഖലയുടെ ഭാഗമാണ്.

13,000 അടിയിലധികം ഉയരത്തില്‍, യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമീപത്ത് സ്ഥിതിചെയ്യുന്ന ചുഷുല്‍ വാലിയിലെ എയര്‍ സ്ട്രിപ്പ് തന്ത്രപ്രധാനമുള്ളതാണ്. 1962ലെ ചൈനയുമായുള്ള യുദ്ധത്തില്‍ ഈ എയര്‍ സ്ട്രിപ്പ് നിര്‍ണായക പങ്കാണ് വഹിച്ചത്. ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള അഞ്ച് അതിര്‍ത്തി കൂടിക്കാഴ്ച പോയിന്റുകളില്‍ ഒന്നാണ് ചുഷുല്‍. ഇവിടെയാണ് രണ്ട് സൈന്യങ്ങളുടെയും പ്രതിനിധികള്‍ പതിവ് ആശയവിനിമയങ്ങള്‍ക്കായി കണ്ടുമുട്ടുന്നത്. ഇരുപക്ഷവും തമ്മില്‍ അടുത്തിടെ ബ്രിഗേഡ് തലത്തിലുള്ള കൂടിക്കാഴ്ചകള്‍ക്കും ഇവിടം വേദിയായിരുന്നു.

ചുഷുൽ മേഖലയ്ക്ക് ഇന്ത്യയിലെ പ്രാധാന്യം

സ്ഥലത്തിന്റെയും ഭൂപ്രകൃതിയുടെയും കാരണത്താല്‍ ചുഷുലിനു വളരെയധികം തന്ത്രപരമായ പ്രാധാന്യമുണ്ട്. സൈനിക വിന്യാസത്തിനും സൈന്യത്തിനാവശ്യമായ ആയുധങ്ങളും വസ്തുക്കളും എത്തിക്കുന്ന കേന്ദ്രമാക്കി ചുഷുലിനെ മാറ്റുന്നു. മേഖലയില്‍ രണ്ടു കിലോമീറ്റര്‍ വീതിയുള്ള സമതലങ്ങളുണ്ട്. അവിടെ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രവല്‍കൃത സേനയെ വിന്യസിക്കാന്‍ കഴിയും. എയര്‍സ്ട്രിപ്പും ലേയിലേക്കുള്ള റോഡ് ബന്ധവും ചുഷുലിന്റെ നേട്ടമാണ്.

ഈ ഉപമേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഭാഗത്ത് ചുഷുല്‍ ബൗളിലും ചൈനയുടെ ഭാഗത്ത് മോള്‍ഡോ സെക്ടറിലും ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ പ്രാപ്തമാക്കുന്നു. 1962 ലെ യുദ്ധത്തില്‍ ഈ മേഖലയില്‍ ആക്രമണം നടത്താന്‍ ചൈനീസ് സൈന്യം ഉപയോഗിച്ചിരുന്ന ഏകദേശം രണ്ടു കിലോമീറ്റര്‍ വീതിയുള്ള സ്പാന്‍ഗുര്‍ ഇടനാഴി ഇന്ത്യന്‍ സൈന്യത്തിനിപ്പോള്‍ വ്യക്തമായി ദൃശ്യമാണ്.

ഭാവി വെല്ലുവിളികള്‍

ബ്ലാക്ക് ടോപ്പിലും റെച്ചിന്‍ ലായിലുമായി 800 മുതല്‍ 1,000 വരെ മീറ്റര്‍ വരെ ദൂരത്തിനുള്ളില്‍ ഇരു രാജ്യങ്ങളും സൈനികരെ വിന്യസിക്കുന്നതിനാല്‍ അടിയന്തര വെല്ലുവിളി ഉയരുന്നുണ്ട്. സൈനിക നീക്കത്തിനാവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. 170 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ദുര്‍ബുക് തഹ്‌സിലിലെ ചുഷുല്‍ ഗ്രാമത്തില്‍ ഭൂരിഭാഗവും ടിബറ്റന്‍ വംശജരാണ്. വര്‍ഷത്തില്‍ എട്ടു മാസം നീളുന്ന കഠിനമായ ശൈത്യകാലം വലിയ വെല്ലുവിളിയാണ്. പ്രദേശത്ത് കുഴിയെടുക്കാനും ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനും വളരെ പ്രയാസകരമാണ്.