kerala-byelection

തിരുവനന്തപുരം: ചവറ, കുട്ടനാട് മണ്ഡലങ്ങളിൽ നടത്തുന്ന ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്ത് പുറത്ത്. ആഗസ്റ്റ് 21നാണ് ചീഫ് സെക്രട്ടറി കത്ത് അയച്ചത്. കൊവിഡ് സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുക ദുഷ്‌കരമാണെന്നാണ് കത്തിൽ ചീഫ് സെക്രട്ടറി കമ്മിഷനെ അയച്ചിരിക്കുന്നത്.

നാലു മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടാണ് ഇടതുമുന്നണിക്കും സർക്കാരിനുമുള്ളത്. ഉപതിരഞ്ഞെടുപ്പിനെതിരായ നിലപാട് ബി.ജെ.പിയും പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ യു.ഡി.എഫിന്റെ പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ ദിവസം വിളിക്കുകയും ചെയ്തു. എന്നാൽ ഉപതിരഞ്ഞെടുപ്പ് മാത്രമായി മാറ്റിവയ്‌ക്കുന്നതിനെ പിന്തുണയ്‌ക്കാനാവില്ലെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്നും അങ്ങനെയെങ്കിൽ മാത്രം ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുളള നീക്കത്തെ പിന്തുണയ്ക്കാമെന്നുമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിച്ചത്. നിർദേശം ചർച്ച ചെയ്ത സർക്കാർ ഇത് അംഗീകരിക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇടതുമുന്നണിയുടെ കൂടി അംഗീകാരത്തോടെ നാളത്തെ സർവ്വകക്ഷി യോഗത്തിൽ സമവായമുണ്ടാക്കാനാണ് നീക്കം. ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികൾ നിലവിൽ വരും വിധമുളള തിരഞ്ഞെടുപ്പ് പുനക്രമീകരണത്തെ കുറിച്ചാണ് ആലോചന. നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനെപ്പറ്റിയും ആലോചന നടക്കുന്നുണ്ട്. എന്നാൽ ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്ന കാര്യത്തിൽ ഇടതുമുന്നണി ഘടകകക്ഷികളിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്.