covid

തിരുവനന്തപുരം: ജില്ലയിൽ ഓഗസ്റ്റിലെ കൊവിഡ് മരണനിരക്ക് സംസ്ഥാനത്തെ മരണ നിരക്കിനെക്കാളും മുകളിൽ. നിലവിൽ 0.71ശതമാനമാണ് തിരുവനന്തപുരം ജില്ലയിലെ കൊവിഡ‌് മരണനിരക്ക്. സംസ്ഥാനത്താകട്ടെ മരണനിരക്ക് 0.43 ശതമാനമാണ്. ഓഗസ്റ്റിലെ ആദ്യ ആഴ്ചയിൽ ജില്ലയിലെ മരണനിരക്ക് സംസ്ഥാനത്തെ ആകെ മരണ നിരക്കിനെക്കാൾ 0.3 ശതമാനം ഉയർന്നിരുന്നു. കണ്ണൂർ,​ കോഴിക്കോട് ജില്ലകളിലും മരണനിരക്ക് സംസ്ഥാന നിരക്കിനെക്കാൾ മുകളിലാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിലുണ്ടായത് നൂറിലേറെ മരണങ്ങളാണ്. കഴിഞ്ഞ 22 ദിവസത്തിനിടെ മാത്രം 46 മരണങ്ങളാണ് നടന്നത്. ആകെ 129 മരണങ്ങളാണ് ജില്ലയിൽ കൊവിഡ് മൂലം ഉണ്ടായത്. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ 21 വയ​സുള്ള ബാലരാമപുരം സ്വദേശിയാണ്. സമ്പർക്ക രോഗവ്യാപനം കുറയാതെ നിൽക്കുമ്പോൾ മരണനിരക്ക് ഉയർന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ശമിക്കാതെ സമ്പർക്കം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കം വഴി രോഗം ബാധിക്കുന്നത് തലസ്ഥാന ജില്ലയിൽ തന്നെയാണ്. ബുധനാഴ്ച 531 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 448 പേരും സമ്പർക്ക രോഗികളായിരുന്നു. കരമന,​ നെടുങ്കാട്,​ കുര്യാത്തി,​ മണക്കാട്,​ മെഡിക്കൽ കോളേജ്,​ പേരൂർക്കട എന്നിവിടങ്ങളിലാണ് പ്രാദേശിക സമ്പർക്ക രോഗബാധ ഉയർന്നു നിൽക്കുന്നത്. ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ വ്യാപകമായി രോഗം ബാധിക്കുന്നുണ്ട്.

മരണനിരക്ക് ഉയരും: മന്ത്രി ശൈലജ

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പൂർണമായി നീക്കുന്നതോടെ കൊവിഡ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. വെന്റിലേറ്ററുകൾക്കും ക്ഷാമം വരും. ഇപ്പോൾ തന്നെ വെന്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.