വാഷിംഗ്ടൺ:കൊളംബിയ സ്പേസ് ഷട്ടിൽ കത്തിയെരിഞ്ഞ് ജീവൻ പൊലിഞ്ഞ ഇന്ത്യൻ വംശജയായ കൽപ്പന ചൗളയെ ആദരിക്കാൻ അമേരിക്ക അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കുന്ന അടുത്ത പേടകത്തിന് എസ്. എസ് കൽപന ചൗള എന്ന് പേരിട്ടു.
അമേരിക്കൻ ഏറോസ്‌പേസ് കമ്പനിയായ നോർത്ത്‌റോപ് ഗ്രുമ്മം ബഹിരാകാശ നിലയത്തിലേക്ക് അവശ്യ സാധനങ്ങളുമായി വിക്ഷേപിക്കുന്ന സിഗ്നസ് പേടകമാണ് കൽപ്പന ചൗളയുടെ സ്‌മാരകമാവുന്നത്. കമ്പനിയുടെ ഓരോ പേടകവും ബഹിരാകാശ ദൗത്യത്തിലെ പ്രഗൽഭ വ്യക്തികളുടെ പേരിട്ട് വിക്ഷേപിക്കുന്നതിന്റെ തുടർച്ചയാണിത്.
'ഇന്ത്യൻ വംശജയായ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി എന്നനിലയിൽ നാസയിൽ ചരിത്രം കുറിച്ച കൽപന ചൗളയെ ഞങ്ങൾ ആദരിക്കുന്നു. ബഹിരാകാശ മനുഷ്യ ദൗത്യത്തിന് കല്പന നൽകിയ സംഭാവനകൾ എക്കാലവും നിലനിൽക്കും. ബഹികാരാശ ദൗത്യത്തിനായി ജീവത്യാഗം ചെയ്ത കല്‍പന ചൗള പിൻഗാമികളായ ബഹിരാകാശ യാത്രികർക്ക് പ്രചോദനമാണ്.കൽപ്പനയുടെ സ്മരണാർത്ഥം ഞങ്ങളുടെ അടുത്ത ബഹിരാകാശ പേടകം 'എസ്.എസ്. കൽപ്പന ചൗള" എന്ന പേരിലാവും വിക്ഷേപിക്കുക' - കമ്പനി ട്വിറ്ററിൽ അറിയിച്ചു.
2003ൽ കൊളംബിയ സ്‌പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് മിഷൻ സ്പെഷ്യലിസ്റ്റായിരുന്ന കല്പന ചൗളയും ആറ് സഹയാത്രികരും മരിച്ചത്.
ഈമാസം 29 ന് വിർജിനിയയിലെ വാലോപ്സ് ഫ്ളൈറ്റ് ഫെസിലിറ്റിയിൽ നിന്ന് വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും 'എസ്.എസ് കല്‍പന ചൗള' യാത്ര തിരിക്കുക. രണ്ട് ദിവസത്തിന് ശേഷം വാഹനം സ്‌പേസ് സ്റ്റേഷനിൽ എത്തും. 3,629 കിലോഗ്രാം സാധനസാമഗ്രികളാണ് എത്തിക്കുന്നത്.