ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടനുബന്ധിച്ചുള്ള വിവാദ കൊടുങ്കാറ്റിലെ ഏറ്റവും പുതിയ ട്വിറ്റർ പോർവിളികളാണ് നടി കങ്കണ റണാവത്തും ശിവസേന നേതാവ് സഞ്ജയ് റാവത്തും തമ്മിൽ നടന്നു കൊണ്ടിരിക്കുന്നത്. മുംബയെ പാക് അധിനിവേശ കാശ്മീർ എന്ന് നടി വിശേഷിപ്പിച്ചതാണ് ശിവസേന അടക്കമുള്ള പാർട്ടികളെ ചൊടിപ്പിച്ചത്. ഇതേ തുടർന്ന് മുംബയിൽ ശിവസേന പ്രവർത്തകർ നടിയെ തടഞ്ഞുവയ്ക്കുകയും, കരിങ്കൊടി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കങ്കണയുടെ സഹോദരിയുടേയും പിതാവിന്റെയും അഭ്യർത്ഥന മാനിച്ച് കേന്ദ്ര സർക്കാർ നടിക്ക് വൈ കാറ്റഗറി സുരക്ഷയും നൽകിയിരുന്നു. പോര് മുറുകുന്നതിനിടെ അനധികൃത നിർമ്മാണമാരോപിച്ച് മുംബയ് കോർപ്പറേഷൻ നടിയുടെ പേരിലുള്ള കെട്ടിടം പൊളിച്ച് നീക്കാനുള്ള ശ്രമവും നടത്തി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കങ്കണ നിശിതമായി വിമർശിച്ചു.
അതേസമയം, കങ്കണയ്ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ് മഹാരാഷ്ട്ര സർക്കാർ. അനധികൃത നിർമ്മാണത്തിന് പിന്നാലെയാണ് ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കങ്കണയ്ക്കെതിരെ അന്വേഷണം കടുപ്പിക്കുന്നത്. കങ്കണ തന്നോട് ലഹരിമരുന്ന് ഉപയോഗിക്കാൻ പറഞ്ഞിരുന്നു എന്ന് നടിയുടെ മുൻ കാമുകനായ അദ്ധ്യായൻ സുമന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം ആരംഭിച്ചത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്നും മറ്റൊരാളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചെന്നുമുള്ള വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി ശിവസേന എം.എൽ.എമാർ നൽകിയ പരാതിയിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, ഇത്രയേറെ വിവാദകൊടുങ്കാറ്റ് ആഞ്ഞടിച്ചിട്ടും വളരെ ബോൾഡായിട്ടാണ് കങ്കണ അതിനെ നേരിടുന്നത്. 'മുംബയ് പൊലീസുമായി സഹകരിക്കുമെന്നും പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകാൻ തയ്യാറാണെന്നും തനിക്കെതിരെയുള്ള ആരോപണം തെളിയിക്കാൻ കഴിഞ്ഞാൽ എന്നെന്നേക്കുമായി മുംബയ് വിടുമെന്നുമാണ് കങ്കണ ബോൾഡായി പറയുന്നത്. നടൻ സുശാന്ത് സിംഗിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി മുന്നിൽ നിന്ന ബോളിവുഡ് താരങ്ങളിൽ പ്രധാനപ്പെട്ട പേരായിരുന്നു കങ്കണ റണാവത്തിന്റേത്. സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് കങ്കണ വ്യക്തമാക്കിയത്. സുശാന്തിന്റെ മരണത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ, തനിക്ക് ലഭിച്ച പദ്മശ്രീവരെ തിരികെ നൽകാൻ തയ്യാറാണെന്ന് അവർ പറഞ്ഞിരുന്നു. ബോളിവുഡ് താരങ്ങളായ താപ്സി പന്നു, സ്വര ഭാസ്കർ എന്നിവരെയും കങ്കണ നിശിതമായി വിമർശിച്ചിരുന്നു.
എന്നെ അവസാനിപ്പിക്കും മുമ്പ്
അവരെ അവസാനിപ്പിക്കണം
ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിലെ ഭംബ്ള എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്. ബിസിനസുകാരനായ അമർദീപിന്റെയും സ്കൂൾ ടീച്ചറായ ആശയുടെയും രണ്ടാമത്തെ മകളാണ് കങ്കണ. പഠനകാലം കൂടുതലും ചെലവിട്ടത് ഷിംലയിലാണ്. ഡൽഹിയിലെ അസ്മിത തിയേറ്റർ ഗ്രൂപ്പിനൊപ്പം നാടകത്തിലൂടെയാണ് കങ്കണ കലാരംഗത്തെത്തിയത്. തുടർന്ന് അനുരാഗ് ബസു സംവിധാനം ചെയ്ത ഗാങ്സ്റ്റർ എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിലെ സിമ്രാൻ എന്ന കഥാപാത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വോ ലംഹേ, 2007ൽ ഷക്കലക്ക ഭൂം ഭൂം, ലൈഫ് ഇൻ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2008ൽ ധാം ധൂം എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. തുടർന്ന് 2014ലെ ക്വീൻ എന്ന ചിത്രവും, 2015ലെ തനു വെഡ്സ് മനു എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. 2016ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും, 2020ൽ പത്മശ്രീയും ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.
വിമർശിക്കുന്നവർക്ക് മുന്നിലും അപമാനിക്കുന്നവർക്ക് മുന്നിലും തലകുനിച്ച് നിൽക്കുന്നതിന് പകരം നേർക്കുനേർ നിന്ന് പോരാടുന്ന വ്യക്തിത്വമാണ് കങ്കണയുടേത്. അതിനാൽ ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടി എന്ന് വിശേഷിപ്പിക്കാൻ പറ്രുന്ന അപൂർവം ചിലരിൽ ഒരാളാണ് കങ്കണ. നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ഒരു ടിവി ചർച്ചയിൽ അവർ പറഞ്ഞത് ഇങ്ങനെയാണ് "ഞാനും ചിലപ്പോൾ ഫാനിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെട്ടേക്കാം, എന്നെ നിശബ്ദയാക്കുവാൻ ആഗ്രഹിക്കുന്നവർ നിരന്തരം എന്റെ ജീവന് ഭീഷണി മുഴക്കുന്നുണ്ട്. എന്നാൽ, അവരോട് പൊരുതാതെ പോകില്ല, എന്നെ അവസാനിപ്പിക്കും മുമ്പ് എനിക്ക് അവരെ അവസാനിപ്പിക്കണം." സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ പോലെ ജീവിതത്തിലും ബോൾഡാണ് കങ്കണ. എന്തായാലും ഇപ്പോഴത്തെ പോരിൽ ആര് ജയിക്കും? ഉദ്ധത് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയോ കങ്കണയോ.. അതാണ് ആരാധകർ ഉയർത്തുന്ന ചോദ്യം.