വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് മരണം 9 ലക്ഷം പിന്നിട്ടു. രോഗവ്യാപനത്തിലും മരണത്തിലും മുന്നിൽ നിൽക്കുന്ന അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളോടൊപ്പം യൂറോപ്പിലും ദക്ഷിണ കൊറിയ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും രണ്ടാം ഘട്ട വ്യാപനം രൂക്ഷമായതും മരണസംഖ്യ വർദ്ധിക്കാൻ കാരണമായി.
അതേസമയം, കൊവിഡ് തലച്ചോറിനെ ബാധിക്കുമെന്ന അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിലെ ഇമ്യൂണോളജിസ്റ്റായ അകികോ ഇവസാകിയുടെ പഠനം ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഓക്‌സ്‌ഫോഡ് വാക്സിൻ പരീക്ഷണത്തിൽ നേരിട്ട തിരിച്ചടിയ്ക്ക് പിന്നാലെയാണിത്.
കൊവിഡ് മൂലം വരുന്ന തലവേദന, ആശക്കുഴപ്പം, പിച്ചും പേയും പറയുന്ന അവസ്ഥ ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്നാണ് പഠനത്തിൽ പറയുന്നത്.
ഇവസാക്കിയും സംഘവും എലികളിലാണ് പരീക്ഷണം നടത്തിയത്. ഒരു സംഘം എലികളിലെ ശ്വാസകോശത്തിൽ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളും മറ്റൊരു സംഘം എലികളിലെ തലച്ചോറിൽ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളുമാണ് പഠനവിധേയമാക്കിയത്. തലച്ചോറിലെ വൈറസ്ബാധ വളരെപ്പെട്ടെന്ന് ശരീരഭാരം കുറക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. രോഗബാധ ഉണ്ടായ ഭാഗങ്ങളിൽ ടി സെല്ലുകൾ പോലുള്ള പ്രതിരോധ സെല്ലുകൾ ഉണ്ടാകുന്നില്ലെന്നും പഠനം പറയുന്നു. എന്നാൽ, ഇത്തരം പഠനങ്ങൾ സസൂക്ഷ്മം വിലയിരുത്തപ്പെടേണ്ടതാണ്. സാർസ് വൈറസിനും സിക്ക വൈറസിനും തലച്ചോറിലെ സെല്ലുകൾക്ക് നാശം വരുത്താൻ കഴിയുമെന്ന് നേരത്തേ തെളിയിക്കപ്പെട്ടിരുന്നു.
കൊവിഡ് മീറ്റർ
ലോകത്താകെ മരണം - 9,08,651
രോഗികൾ - 2,80,56,120
രോഗവിമുക്തർ - 2,01,22,196
രാജ്യം - രോഗികൾ മരണം
അമേരിക്ക - 65,49,771 - 1,95,245
ഇന്ത്യ - 44,70,166 - 75,119
ബ്രസീൽ - 41,99,332 - 1,28,653
റഷ്യ - 10,46,370 - 18,263
കൊവിഡ് മഹാമാരിയെന്ന് ട്രംപിന് നേരത്തെ
അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ
കൊവിഡ് വലിയ നാശം വിതയ്ക്കുന്ന മഹാമാരിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. അന്വേഷണാത്മക പത്രപ്രവർത്തകനായ ബോബ് വുഡ്വേഡിന്റെ ‘റേജ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. രോഗം ജലദോഷം പോലെയാണെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ പരസ്യനിലപാട്. പുസ്തകം വരുന്ന 15ന് പുറത്തുവരും. നവംബർ 3നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
ട്രംപുമായി നടത്തിയ അഭിമുഖങ്ങളുടെയും പുസ്തകത്തിന്റെ ചില ഏടുകളും വുഡ്വേർഡ് ചില മാദ്ധ്യമങ്ങൾക്ക് നൽകിയതിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ഭീതി സൃഷ്ടിക്കാതിരിക്കാൻ മഹാമാരിയുടെ യഥാർത്ഥ വസ്തുതകൾ മറച്ചുവയ്ക്കേണ്ടിവന്നുവെന്ന് വുഡ്വേർഡിനോട് ട്രംപ് മാർച്ചിൽ പറഞ്ഞതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് ഫ്ലൂവിനേക്കാൾ മാരകമാണെന്നും വായുവിലൂടെ പകരുമെന്നും ട്രംപ് പറയുന്ന ഫെബ്രുവരി ഏഴിനെടുത്ത അഭിമുഖത്തിന്റെ ഓഡിയോ ക്ലിപ്പും വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.അതേസമയം, കള്ളം പറഞ്ഞുവെന്ന ആരോപണത്തെ പ്രസിഡന്റ് ട്രംപ് പ്രതിരോധിച്ചു. ഞാൻ ഈ രാജ്യത്തെ ഇഷ്ടപ്പെടുന്നുവെന്നും ജനങ്ങളെ പരിഭ്രാന്തരാക്കാൻ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.