ന്യൂഡൽഹി : ചൈനയെ പാഠം പഠിപ്പിക്കാൻ അന്താരാഷ്ട്രതലത്തിൽ സ്വാധീനം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും സുപ്രധാന ചർച്ച നടത്തി. കഴിഞ്ഞ ദിവസം സുപ്രധാന പ്രതിരോധ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ചർച്ച. ഇരു നേതാക്കളും കരാറിനെ സ്വാഗതം ചെയ്യുകയും ചെയ്തു.
30 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിലൂടെയാണ് ഇരുവരും ചർച്ച നടത്തിയത്. ഇന്ന് രാവിലെ 11.10നാണ് മോദിയും ആബെയും ഫോണിൽ സംസാരിച്ചത്. ഇന്തോ - പസഫിക് മേഖലയിൽ ഇന്ത്യയും ജപ്പാനും സ്വീകരിച്ച നടപടികളെ പറ്റിയാണ് പ്രധാനമായും ചർച്ച നടത്തിയത്. സ്ഥാനം ഒഴിയുന്നതിന് മുമ്പ് ആബെ മോദിയുമായി നടത്തുന്ന അവസാനത്തെ ഔദ്യോഗിക ചർച്ചയാകും ഇത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേക തന്ത്രപ്രധാനമായ പങ്കാളിത്തത്തെ പറ്റിയും ആബെ സംസാരിച്ചതായി ജപ്പാനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞമാസം രാജി പ്രഖ്യാപിച്ചതിനെ പറ്റിയും ആബെ മോദിയോട് സംസാരിച്ചു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെയാണ് ആബെ ആ സ്ഥാനത്തിൽ തുടരുക. പ്രധാനമന്ത്രി മോദിയുമായി പടുത്തുയർത്തിയ സൗഹൃദത്തിനും പരസ്പര വിശ്വാസത്തിനും ആബെ നന്ദി അറിയിച്ചു. ഇരുവരുടെയും വാർഷിക കൂടിക്കാഴ്ചകളെ പറ്റിയും ആബെ സംസാരിച്ചു. ജപ്പാനിൽ നേതൃമാറ്റം ഉണ്ടാകുമെങ്കിലും ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെ അത് ബാധിക്കില്ലെന്ന് ഇരുനേതാക്കളും ഉറപ്പ് നൽകി. ഷിൻസോ ആബെയുടെ ഭരണകാലത്ത് ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക സഹകരണം, സമുദ്രമേഖലയിലെ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഉഭയകക്ഷി പങ്കാളിത്തം ഉണ്ടായിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള അടിസ്ഥാന നയത്തിൽ മാറ്റമുണ്ടാകില്ലെന്നും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും ഇരുനേതാക്കളും സമ്മതിച്ചിട്ടുണ്ടെന്നും ജപ്പാനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്തോ - പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റ നയം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ വച്ചാണ് ഇന്ത്യയും ജപ്പാനും മ്യൂച്വൽ ലോജിസ്റ്റിക് സപ്പോർട്ട് എഗ്രിമെന്റിൽ ഒപ്പുവച്ചത്. കരാറിൽ ജപ്പാനീസ് അംബാസഡർ സുസുകി സതോഷിയും ഇന്ത്യൻ പ്രതിരോധ സെക്രട്ടറി അജയ് കുമാറും ഒപ്പുവച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളുടെ സായുധ സേനകൾ തമ്മിലുള്ള സഹകരണത്തിന് ഈ കരാർ ഏറെ പ്രയോജനകരമാകും. ഇന്ത്യ - ജപ്പാൻ പ്രതിരോധ കരാർ ചൈനയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതിശക്തമായ നാവിക - വ്യോമസേനാ വ്യൂഹമാണ് ജപ്പാന്. കരാറിലൊപ്പിട്ടതോടെ ഇന്ത്യൻ നാവികസേനയ്ക്ക് പസഫിക് മേഖലയിലും മേൽകൈ നൽകും. ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങളും പരിശീലന കേന്ദ്രങ്ങളും പരസ്പരം ഉപയോഗിക്കാമെന്ന ധാരണയും കരാറിലുണ്ട്.