കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരവങ്ങളില്ലാതെ ലോകത്തെ ഏറ്രവും ജനപ്രിയമായ ഫുട്ബാൾ ലീഗുകളായ സ്പാനിഷ് ലാലിഗയ്ക്കും ഇംഗ്ലീഷ് പ്രിമിയിർ ലീഗിനും നാളെ തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാണികൾക്ക് പ്രവേശനമില്ലാതെ മത്സരങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കളി തുടങ്ങുന്നതിന് മുൻപേ വിവാദങ്ങളിലാണ് സ്പാനിഷ് ലാലിഗ. ഫുട്ബാൾ ലോകത്തെ പിടിച്ചു കുലുക്കിയ ഇതിഹാസം താരം മെസിയും ബാഴ്സലോണ ക്ലബ് മാനേജ്മെന്റും തമ്മിലുള്ള തർക്കങ്ങൾ ഒരു പരിധിവരെ അടങ്ങിയപ്പോൾ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനും ലാ ലിഗ അധികൃതരും തമ്മിലുള്ള പോരിൽ ലീഗിന്റെ മത്സരക്രമം അവസാന നിമിഷം പുന ക്രമീകരിക്കേണ്ടി വന്നിരിക്കുകയാണ്.
അവസാന നിമിഷം മത്സരക്രമം മാറ്റി
സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനും ലാ ലിഗ അധികൃതരും തമ്മിലുള്ള തർക്കം മൂലം ലീഗിന്റെ നേരത്തേ പ്രഖ്യാപിച്ച മത്സരക്രമത്തിൽ അവസാന നിമിഷം മാറ്രം വരുത്തേണ്ടി വന്നു. ഇന്ന് രാത്രി ഗ്രനാഡയും അത്‌ലറ്രിക്കോ ബിൽബാവോയും തമ്മിൽ ഉദ്ഘാടന മത്സരം നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലും മത്സരം നടത്തുന്നതിൽ എതിർപ്പുമായി സ്പാനിഷ് ഫുട്ബാൾ അസോസിയേഷൻ രംഗത്തെത്തുകയായിരുന്നു. പുതിയ ഫിക്സ്ചർ പ്രകാരം നാളെ ഇന്ത്യൻ സമയം രാത്രി 7.30 നാണ് ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ്. എയ്ബറും സെൽറ്ര വിഗോയും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന അലാവ്സും റയൽ ബെറ്രിസും തമ്മിലുള്ള മത്സരവും മാറ്രിയിട്ടുണ്ട്. തർക്കം പരിശോധിച്ച ഫെഡറേഷൻസ് കോമ്പറ്രീഷൻസ് കമ്മിറ്രിയിലെ ജഡ്ജാണ് മത്സരക്രമം പുനക്രമീകരിക്കാൻ നിർദ്ദേശിച്ചത്.
വെള്ളിയാഴ്ചയും തിങ്കളാഴ്ചയും മത്സര നടത്തുന്നതിനെതിരെ നേരത്തേ തന്നെ സ്പാനിഷ് ഫുട്ബാൾ അസോസിയേഷനും ലാ ലിഗ അധികൃതരും തമ്മിൽ തർക്കമുണ്ടായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ അവസാന ഘട്ടത്തിൽ ഇതിൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ ഇളവ് നൽകിയിരുന്നു. എന്നാൽ പുതിയ സീസണിലും വെള്ളി, തിങ്കൾ ദിവസങ്ങളിൽ മത്സരം നിശ്ചയിച്ചത് അസോസിയേഷനെ ചൊടിപ്പിക്കുകയായിരുന്നു. ക്ലബുകളുടേയും കളിക്കാരുടെയും നന്മയ്ക്കായാണ് തങ്ങൾ ഇങ്ങനൊരു നിലപാട് എടുക്കുന്നതെന്നാണ് അസോസിയേഷന്റെ വിശദീകരണം. അതേസമയം ലീഗിന്റെ സംപ്രേഷണ അവകാശം വാങ്ങിച്ചവരുടെ ആവശ്യ പ്രകാരമാണ് തിങ്കൾ, വെള്ളി ദിവസങ്ങളിൽ മത്സരനടത്തനുള്ള തീരുമാനമെന്നും ആ സമയത്ത് ധാരാളം കാണികളെ ലഭിക്കുമെന്നുമാണ് ലീഗ് അധികൃതരുടെ ന്യായം. നേരത്തേയും ഈ വിഷയത്തിൽ ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിൽക്കുകയായിരുന്നു. വിവിധ കോടതികളിൽ നിന്ന് ഇരു കൂട്ടരും തങ്ങൾക്കനുകൂലമായ വിധികൾ നേരത്തേ നേടിയിട്ടുണ്ട്. ഇപ്പോഴത്തെ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ലാ ലിഗ അധികൃതർ. അതിനാൽ തന്നെ ആദ്യ ദിവസങ്ങളിലെ മത്സരക്രമം മാത്രമേ ലീഗ് അധികൃതർ പുനക്രമീകരിച്ചിട്ടുള്ളൂ.
വമ്പൻമാർ ആദ്യമില്ല
ലാ ലിഗ കഴിഞ്ഞ ശേഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരമുണ്ടായിരുന്ന റയൽ മാഡ്രിഡ്, ബാഴസലോണ, സെവിയ്യ, അത്‌ലറ്രിക്കോ മാഡ്രിഡ് എന്നീ ക്ലബുകളെ ആദ്യ ദിവസങ്ങളിലെ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടാകും.
മെസി ഇഫക്ട്
വഴക്കിന് താത്കാലിക വിരാമമിട്ട് മെസി ബാഴ്സലോണയിൽ തുടരാൻ തീരുമാനിച്ചത് ക്ലബിനൊപ്പം ലാ ലിഗ അധികൃതർക്കും നൽകുന്ന ആശ്വാസം വളരെ വലുതാണ്. മെസിയെപ്പോലെ വലിയൊരു ബ്രാൻഡിന്റെ സാന്നിധ്യം ലാ ലിഗയ്ക്ക് നൽകുന്ന ഗ്ലാമറും വരുമാനവും ചില്ലറയല്ലെന്നത് തന്നെ കാര്യം. മെസി പോയാലും ലാ ലിഗയെ അത് ബാധിക്കില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് അഭിപ്രായപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് ആഗ്രഹിച്ചിരുന്നില്ലെന്നതാണ് സത്യം. കരാർ അവസാനിപ്പികാതെ പോയാൽ 600 മില്യൺ യൂറോയുടെ ( ഏകദേശം 7000 കോടി രൂപ) റിലീസ് ക്ലോസ് നൽകേണ്ടി വരുമെന്ന കരാറിലെ നിബന്ധന ചൂണ്ടിക്കാട്ടിയാണ് ബാഴ്സ അധികൃതർ മെസിയെ ക്ലബിൽ പിടിച്ചു നിറുത്തിയത്. ഇതിനെതിരെ ലാ ലിഗ അധികൃതരെ മെസി സമീപിച്ചെങ്കിലും അവരും ബാഴ്സലോണയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ലാ ലിഗയുടെ അഭിപ്രായത്തെ മെസി പരസ്യമായി വിമർശിച്ചിരുന്നു. മെസിയുമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ബാഴ്സയിൽ തുടരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മഹാനായ കളിക്കാരനാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം ടെബാസ് അഭിപ്രായപ്പെട്ടത്.
റയൽ മാഡ്രിഡിലെ ക്രിസ്‌റ്ര്യാനൊ റൊണാൾഡോയുടേയും ബാഴ്സലോണയിൽ ലയണൽ മെസിയുടെയും സാന്നിധ്യം ലാ ലിഗയ്ക്ക് ഏറെ പ്രചാരവും ശ്രദ്ധയും വരുമാനവും നേടിക്കൊടുത്തു. ഒരു ദശാബ്ദക്കാലത്തോളം ലാ ലിഗയുടെ മുഖമായിരുന്നു ഇരുവരും. എന്നാൽ റൊണാൾഡോയ്ക്ക് പിന്നാലെ മെസിയും ലാ ലിഗ വിട്ടാൽ പ്രചാരത്തിലുൾപ്പെടെ ലീഗിന് ഇടിവ് സംഭവിച്ചേക്കാം. പ്രത്യേകിച്ച് ഇതൊരു കോംപറ്റീഷൻ ലീഗല്ലെന്നും കുറച്ച് ടീമുകൾ മാത്രമേ ഉയർന്ന നിലവാരത്തിൽ കളിക്കുന്നുള്ളൂവെന്ന വിമർശനങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ.
ബാഴ്സലോണ ക്ലബിനും മെസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വലിയ തലവേദനയായി. മെസി ക്ലബ് വിടുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ കാറ്റലൂണിയ സ്തംഭിക്കുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് ഉണ്ടായത്. ക്ലബ് പ്രസിഡന്റ് ജോസപ് ബർത്തേമ്യൂവും മറ്റ് ബോർഡംഗങ്ങളും രാജി വയ്ക്കണമെന്ന ആവശ്യവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സാങ്കേതിക വാദമുയർത്തി മെസിയെ പിടിച്ചു നിറുത്താൻ കഴിഞ്ഞെങ്കിലും ബർത്തേമ്യൂവിന്റെ ഭാവി ഒട്ടും സുരക്ഷിതമല്ല. ക്ലബിന്റെ ഇതിഹാസ താരവും നായകനുമായ കളിക്കാരനെ ടീം വിടാൻ പ്രേരിപ്പിച്ചതിന് പിന്നിൽ ബർത്തേമ്യൂവാണെന്നും അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒപ്പു ശേഖരണം നടക്കുകയാണിപ്പോൾ. അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ തിരിച്ചടി ബർത്തേമ്യുവിന് ഉണ്ടായേക്കുമെന്നാണ റിപ്പോർട്ടുകൾ.
ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ പിണഞ്ഞ 2-8ന്റെ വലിയ തോൽവി ബാഴ്സലോണയെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. പുതിയ കോച്ച് കോമാന്റെ കീഴിൽ പഴയ പലരേയും ഒഴിവാക്കി പുത്തനുയർപ്പാണ് ബാഴ്സ ലക്ഷ്യം വയ്ക്കുന്നത്. റാക്കിറ്രിച്ച് സെവിയ്യയിലെത്തി. സുവാരെസ് യുവന്റസിലേക്ക് പോകാൻ നിൽക്കുന്നു. വിദാൽ, പിക്വെ എന്നിവരും പുറത്തേക്കുള്ള പാതയിലാണെന്നാണ് വിവരം. പുതിയ സീസണിൽ പഴയ അതേ മെസിയെ ബാഴ്സ കുപ്പായത്തിൽ കാണാൻ കഴിയുമോയെന്ന് ചിലർക്കെങ്കിലും ആശങ്കയുണ്ട്. എന്നാൽ തന്റെ സമീപനത്തിൽ ഒരു മാറ്രവും ഉണ്ടാകില്ലെന്നും 100 ശതമാനവും ടീമിനായി നൽകുമെന്ന വാക്കുളിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ആരാധകർ.
എൽ ക്സാസിക്കോ
ആദ്യ എൽ ക്ലാസിക്കോ ബാഴ്സയുടെ തട്ടകമായ നൗകാമ്പിൽ ഒക്ടോബർ 25ന്
രണ്ടാം എൽ ക്സാസിക്കോ സാന്റിയാഗോ ബർണബ്യൂവിൽ 2021 ഏപ്രിൽ 11ന്
(നിലവിലെ മത്സര ക്രമം അനുസരിച്ച്)
സ്ഥാനക്കയറ്രം കിട്ടിയവർ
കാഡിസ് (ഏഴു വർഷത്തിന് ശേഷം )
ഹുയേസ്ക
എൽച്ചെ (അഞ്ച് വർഷത്തിന് ശേഷം)
തരംതാഴ്‌തപ്പട്ടവർ
എസ്പാന്യോൾ
മയ്യോർക്ക
ലെഗാനസ്
ലാലിഗയുടെ 90-ാം പതിപ്പ്
നിലവിലെ മത്സരക്രമം അനുസരിച്ച് 2020 സെപ്തംബർ 12 മുതൽ 2021 മേയ് വരെ
5 സബ്സ്റ്ര്യൂഷൻ
ഇത്തവണ ലാലിഗയിൽ 5 സബ്സ്റ്ര്യൂഷനുകൾ അനുവദിക്കും. കൊവിഡിന്റെ ഉൾപ്പെടെ പശ്ചാത്തലത്തിൽ കളിക്കാരുടെ ആരോഗ്യം കണക്കിലെടുത്താണിത്.
34
ഏറ്രവും കൂടുതൽ തവണ ചാമ്പ്യൻമാരായത് റയൽ മാഡ്രിഡാണ്. 34 തവണ
നിലവിലെ ചാമ്പ്യൻമാരും റയൽ തന്നെ.
444
ഏറ്രവും കൂടുതൽ ഗോൾ നേടിയ താരം ലയണൽ മെസി (ബാഴ്സലോണ)
622
ഏറ്രവും കൂടുതൽ മത്സരങ്ങൾ അന്റോണി സ്വുബിരേറ്ര
25
കഴിഞ്ഞ വർഷത്തെ ടോപ് സ്കോറർ
ലയണൽ മെസി 25 ഗോളുകൾ
മികച്ച ഗോൾ കീപ്പർ
തിബൗട്ട് കൗർട്ടോയിസ്
(റയൽ മാഡ്രിഡ്) 0.59 ഗോൾ/മാച്ച്