ന്യൂഡൽഹി : ദേശീയ അവാർഡ് ജേതാവായ നടനും ബി.ജെ.പി മുൻ എം.പിയുമായ പരേഷ് റാവലിനെ നാഷണൽ സ്കൂൾ ഒഫ് ഡ്രാമയുടെ അദ്ധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പരേഷ് റാവലിന് ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചു. വെല്ലുവിളി നിറഞ്ഞതാണെങ്കിലും തനിക്ക് നന്നായി അറിയാവുന്ന മേഖലയായതിനാൽ തന്റെ എല്ലാ കഴിവുകളും പരമാവധി വിനിയോഗിക്കുമെന്നും റാവൽ പറഞ്ഞു.
നസീബ് നീ ബലിഹാരി എന്ന ഗുജറാത്തി സിനിമയിലൂടെ 1982ലാണ് റാവൽ തന്റെ കരിയർ ആരംഭിച്ചത്. ഭഗ്‌വാൻ ദാദ, ഖത്രോൻ കീ കില്ലാടി, റാം ലഖൻ, സ്വർഗ്, കിംഗ് അങ്കിൾ, മൊറ്‌റ, ചാച്ചി 420, ഹേരാ ഫേരീ, സഞ്ജു, ഉറി: ദ സർജിക്കൽ സ്ട്രൈക്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വോ ചൊക്രി, സർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1994ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 2014 പദ്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ചു. 2014ൽ അഹമ്മദാബാദ് ഈസ്റ്റിൽ നിന്നുമാണ് പരേഷ് ലോക്സഭയിൽ എത്തിയത്.