kamarudhin

മലപ്പുറം: ഫാഷൻ ഗോൾഡ് സാമ്പത്തിക തട്ടിപ്പിൽ മുഖ്യപ്രതിയായ മഞ്ചേശ്വരം എം.എൽ.എ എം.സി.കമറുദ്ദീനെ കൈവിട്ട് ലീഗ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമറുദ്ദീനെതിരെ അച്ചടക്ക നടപടിയെടുത്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് കമറുദ്ദീനെ പുറത്താക്കി. വർക്കിംഗ് കമ്മി‌റ്രി അംഗമായ കമറുദ്ദീൻ ഇനി യോഗത്തിൽ പങ്കെടുക്കേണ്ടെന്നും ലീഗ് നേതൃത്വം നിലപാടെടുത്തു. കേസുമായി ബന്ധപ്പെട്ട മ‌റ്റ് പാർട്ടി അംഗങ്ങളോടും സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കാൻ നി‌ർദ്ദേശിച്ചിട്ടുണ്ട്.

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാനായ എം.എൽ.എ ബിസിനസ് പൊളിഞ്ഞു എന്നാണ് തട്ടിപ്പിനെ കുറിച്ച് വിശദീകരണം നൽകിയതെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി യോഗശേഷം പറഞ്ഞു. ഈ മാസം 30നകം കമറുദ്ദീൻ ആസ്‌തി വകകളെ കുറിച്ച് പാർട്ടിയെ അറിയിക്കണമെന്നും നിക്ഷേപകരെ സംബന്ധിച്ചും കമറുദ്ദീന്റെ ആസ്‌തി സംബന്ധിച്ചും വിവരം ശേഖരിക്കാൻ പാർട്ടി ഒരാളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ട്രഷറർ കല്ലട മാഹിൻ ഹാജി ഈ ചുമതല നിർവഹിക്കും. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നൽകണമെന്നും ലീഗ് ആവശ്യപ്പെട്ടതായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുൻപ് കമറുദ്ദീൻ പാർട്ടിക്ക് വിശദീകരണം നൽകാൻ എത്തിയെങ്കിലും നേരിൽ കണ്ട് വിശദീകരണം തേടാതെ ഫോണിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം കേട്ടത്. കമറുദ്ദീനെ അനുകൂലിക്കുന്ന കാസർകോട് ജില്ല നേതാക്കന്മാരുടെ വിശദീകരണം മലപ്പുറം ജില്ലാ ആസ്ഥാനത്തിൽ കെ.പി.എ മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കളെത്തി ചോദിച്ചറിഞ്ഞു.