photo

കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ രണ്ടിടത്ത് നാലുവരി പാതവരുന്നു, ഇതിന്റെ സർവ്വേ നടപടികൾക്ക് തുടക്കമായി. കോയിക്കൽ ജംഗ്ഷൻ മുതൽ കരിക്കോട് പഴയ ബസ് സ്റ്റാൻഡ് വരെയും കുണ്ടറ ആശുപത്രിമുക്ക് മുതൽ പള്ളിമുക്ക് വരെയുമാണ് നാലുവരി പാത നിർമ്മിക്കുക. ഇതിന് സ്ഥലം ഏറ്റെടുക്കേണ്ടതായുണ്ട്. മൂന്നര കിലോമീറ്റർ നാലുവരി പാതയായി മാറും. സർവ്വേ നടപടികൾ പൂർത്തിയാകുന്നതോടെ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ തുടർ നടപടികളുണ്ടാകും. കുണ്ടറ പള്ളിമുക്കിൽ റെയിൽവേ മേൽപ്പാലവും ദേശീയപാതയിലേക്ക് ചേരുന്ന ഭാഗത്ത് ഫ്ളൈ ഓവറും ഇരുവശങ്ങളിലും സംരക്ഷണ- സൗന്ദര്യവത്കരണവും നടപ്പാക്കും. ആകെ 436 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഫലപ്രദമായ ഇടപെടലിലൂടെ കിഫ്ബി വഴി ഈ തുക അനുവദിക്കുന്നതിന് ഭരണാനുമതി ആയിട്ടുണ്ട്. കൊല്ലം മുതൽ തിരുമംഗലം വരെ ദേശീയപാതയിലെ നവീകരണ ജോലികൾ നടന്നുവരികയാണ്. കൊല്ലം- അമ്പലത്തുംകാല ഭാഗത്തെ നിർമ്മാണ ജോലികൾ നേരത്തെ പൂർത്തിയാവുകയും അമ്പലത്തുംകാല മുതൽ പുനലൂർ വരെയുള്ള നിർമ്മാണ ജോലികൾ ഇപ്പോൾ നടന്നുവരികയുമാണ്. ഇതിനിടയിലാണ് നാലുവരി പാതയുടെ പുതിയ പദ്ധതിയുമെത്തുന്നത്. ദേശീയപാതയായിട്ടും പലയിടത്തും ഗതാഗത കുരുക്ക് രൂക്ഷമാണ്. കൊല്ലം ബൈപ്പാസ് തുറന്നതോടെ കോയിക്കൽ മുതൽ കരിക്കോട് വരെ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇതേത്തുടർന്നാണ് നാലുവരി പാതയാക്കാൻ തീരുമാനമെടുത്തത്.

പാലങ്ങളുടെ വീതി കൂടും

നാലുവരി പാതയാകുന്നതോടെ ഇതിനിടയിലുള്ള പാലങ്ങൾക്കും വീതി കൂട്ടേണ്ടതായി വരും. കോയിക്കൽ പാലം, കരിക്കോട് പാലം എന്നിവയാണ് പ്രധാനമായും നാലുവരി പാതയ്ക്ക് വേണ്ടുന്ന വീതിയിലെത്തിക്കുക.

റെയിൽവേ മേൽപ്പാലം തർക്കത്തിൽ കുടുങ്ങുമോ?

കുണ്ടറ പള്ളിമുക്കിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. ആദ്യം തയ്യാറാക്കിയ രൂപരേഖ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. തർക്കങ്ങളൊക്കെ പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന വിവരം. പള്ളിമുക്കിൽ മേൽപ്പാലം വരുന്നതോടെ ചിറ്റുമല, മുളവന ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കുണ്ടറയിലെത്താനും തിരികെ പോകാനും നിലവിലുള്ള തടസങ്ങളൊക്കെ മാറും. ലെവൽക്രോസ് അടയ്ക്കുന്നതോടെ ഇരുവശത്തും വാഹനങ്ങൾ നിരക്കുകയും ദേശീയപാതയിലടക്കം ഗതാഗത കുരുക്ക് അനുഭവപ്പെടുകയുമാണ് കാലങ്ങളായി തുടർന്നുവരുന്നത്. ഇത് പരിഹരിക്കുന്നതോടെ വലിയ ആശ്വാസമാകും. മുക്കടയിലും ഇളമ്പള്ളൂരും മേൽപ്പാലം വേണമെന്ന ആവശ്യവും ഏറെനാളായി നിലനിൽക്കുന്നതാണ്.