bjp

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് ഏറ്റവും കൂടുതൽ എ പ്ലസ് മണ്ഡലങ്ങളുള്ള തലസ്ഥാന ജില്ലയിൽ മികച്ച വിജയം ലക്ഷ്യമിട്ട് പാർട്ടി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. തലസ്ഥാനത്ത് 35 പഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയുമാണ് ബി.ജെ.പി ലക്ഷ്യം വയ്‌ക്കുന്നത്. നിലവിൽ പ്രതിപക്ഷ സ്ഥാനത്തുള്ള തലസ്ഥാന നഗരസഭയിൽ ഭരണം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് പാർട്ടിക്ക്. അങ്ങനെ വന്നാൽ, സംസ്ഥാനത്തുതന്നെ അത് വലിയ ചരിത്രമാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന ഒട്ടനവധി കേന്ദ്രസർക്കാർ പദ്ധതികൾ രാജ്യത്തുണ്ട്. എന്നാൽ, ഇവയൊന്നും കേരളത്തിൽ നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങൾക്കിടയിൽ ഉയർത്തിക്കാട്ടിയാകും ബി.ജെ.പിയുടെ മുഖ്യ പ്രചാരണം. പ്രധാനമന്ത്രി ആവാസ് യോജനയാണ് ലൈഫ് എന്ന പേരിൽ സംസ്ഥാന സർക്കാർ പേരു മാറ്റി നടപ്പിലാക്കുന്നതെന്ന് പാർട്ടി ജനങ്ങളെ അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിച്ച് നേരിട്ട് കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് വോട്ടർമാരെ ബോദ്ധ്യപ്പെടുത്തും. ഇതിനായി ഓൺലൈൻ പ്രചാരണത്തിന് പുറമെ ലഘുലേഖകളും ബുക്ക്ലെറ്റുകളും അച്ചടിച്ചിറക്കും.

വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവള വികസനം എന്നിവയുടെ സാദ്ധ്യതകൾ മനസിലാക്കാൻ വോട്ടർമാർക്കിടയിൽ പുതുമയുള്ള പ്രചാരണങ്ങൾ സംഘടിപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്. ഈ സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തണമെങ്കിൽ തിരുവനന്തപുരം നഗരസഭയ്‌ക്ക് മുംബയ് കോർപ്പറേഷനെയൊക്കെ പോലെ വലിയ വികസനം ആവശ്യമാണെന്ന് നേതൃത്വം വിലയിരുത്തുന്നു. അത്തരത്തിലുള്ള വികസനത്തിന് സാമ്പത്തികം ആവശ്യമാണ്. കോർപ്പറേഷന്റെ നികുതി പിരിച്ച് പണം കണ്ടെത്തുന്നതിനപ്പുറം പണം നൽകാൻ കേന്ദ്രസർക്കാരുണ്ടെന്ന് വോട്ടർമാർക്കിടയിൽ പരാമാവധി അവബോധം സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നു.

കേന്ദ്ര സർക്കാർ പദ്ധതികൾ തലസ്ഥാന വികസനത്തിന് ആവശ്യമാണ്. നാലര വർഷം മുമ്പ് സ്മാർട്ട് സിറ്റിയ്‌ക്ക് വേണ്ടി കേന്ദ്രം അനുവദിച്ച ആയിരം കോടിയിൽ നഗരസഭ ഭരണസമിതി ചെലവഴിച്ചത് 20 കോടി മാത്രമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ബി.ജെ.പി ഭരണത്തിൽ വന്നാൽ ദേശീയ ബി.ജെ.പി നേതൃത്വത്തിന്റെയും കേന്ദ്രസ‌ർക്കാരിന്റേയും ശ്രദ്ധ തിരുവനന്തപുരം നഗരസഭയിൽ ഉണ്ടാകുമെന്നും അത് ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നും പാർട്ടിയുടെ ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് 'ഫ്ളാഷി'നോട് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പാക്കിയ മുൻസിപ്പാലിറ്റി പാലക്കാടാണെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഒരു തദ്ദേശ സ്ഥാപനത്തിൽ ഭരണം കിട്ടിയാൽ ഏത് തരത്തിൽ പ്രയോജനപ്പെടുത്തുമെന്ന് പാലക്കാട് നടപ്പാക്കിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ വോട്ടർമാരെ ബോദ്ധ്യപ്പെടുത്തും.

സ്ഥാനാർത്ഥി നിർണയത്തെപ്പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും വ്യക്തമായ മാനദണ്ഡങ്ങളുടെ പുറത്തായിരിക്കും ബി.ജെ.പി ഇത്തവണ സ്ഥാനാർത്ഥികളെ കളത്തിലിറക്കുകയെന്ന് നേതാക്കൾ സൂചന നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിയാലും ഒക്‌ടോബറിൽ നടത്തിയാലും നേരിടാൻ തയ്യാറായിരിക്കണമെന്നാണ് കീഴ്‌ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.

ജയസാദ്ധ്യതയും മുന്നണി ബന്ധത്തിലെ സമവായങ്ങളും പാലിച്ച് തിരുവനന്തപുരം ജില്ലയിൽ ഘടകകക്ഷികൾക്ക് സീറ്റ് നൽകാനാണ് നിലവിലെ ധാരണ. ഏറ്റവും ചെറിയ പ്രസ്ഥാനത്തിന് പോലും അവരുടേതായ സ്വാധീന മേഖലയുണ്ടെന്നാണ് വിലയിരുത്തൽ. ജനസ്വാധീനമില്ലാത്ത മേഖലകളിലും ഘടകകക്ഷികൾ ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് വി.വി രാജേഷ് പറയുന്നു.