gentleman-2

ദക്ഷിണേന്ത്യന്‍ സിനിമയില്‍ കോടികള്‍ മുതല്‍ മുടക്കില്‍ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത കെ.ടി.കുഞ്ഞുമോൻ വീണ്ടുമെത്തുന്നു. ജെന്റില്‍മാന്‍ 2 സിനിമയുമായാണ് രണ്ടാം വരവ്. 'എന്റെ ജെന്റില്‍മാന്‍ തമിഴ് , തെലുങ്കു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ജെന്റില്‍മാന്‍ 2 വിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഈ സിനിമയുടെ രണ്ടാം ഭാഗം 'ജെന്റില്‍മാന്‍2 'നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തില്‍ , മെഗാ ബഡ്ജറ്റില്‍ തമിഴ് ,തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് സിനിമ നിര്‍മിക്കുന്നത്. നടീ നടന്മാര്‍ മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടന്നു വരുന്നു . ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാവും. ഈ സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം മാത്രമേ മറ്റു മാദ്ധ്യമങ്ങളില്‍ റിലീസ് ചെയ്യുകയുള്ളൂ. കെ.ടി. കുഞ്ഞുമോന്‍ പറഞ്ഞു.

മലയാളിയായ തമിഴ് ചലച്ചിത്ര നിര്‍മാതാവ് കെ.ടി. കുഞ്ഞുമോന് പ്രത്യേക മുഖവുരയുടെ ആവശ്യമില്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ വസന്ത കാല പറവൈ ,സൂര്യന്‍ എന്നീ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചു കൊണ്ട് കോളിവുഡില്‍ നിര്‍മാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോന്‍ 1993 ല്‍ ജെന്റില്‍മാന്‍ എന്ന സിനിമയോടെ ലോക ശ്രദ്ധ നേടുകയായിരുന്നു.

പുതുമുഖ സംവിധായകന്‍ ഷങ്കര്‍ , മുന്‍നിര നായകനല്ലാതിരുന്ന അര്‍ജ്ജുന്‍ , നവാഗതരായ സാങ്കേതിക വിദഗ്ദ്ധര്‍ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി അദ്ദേഹം നിര്‍മ്മിച്ച ' ജെന്റില്‍മാന്‍ ' , ഗ്രാഫിക് ,അനിമേഷന്‍ എന്നിങ്ങനെ നൂതന സാങ്കേതിക വിദ്യകളെ അകമ്പടി ചേര്‍ത്ത് വെള്ളിത്തിരയില്‍ ദൃശ്യ വിസ്മയം തീര്‍ത്തു. ജെന്റില്‍മാനു വേണ്ടി എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ലോകമെമ്പാടുമുള്ള ഗാനാസ്വാദകര്‍ ആഘോഷമാക്കി മാറ്റി.

തമിഴ് സിനിമ ജെന്റില്‍മാനിലൂടെ ലോക ശ്രദ്ധയാകര്‍ഷിക്കയായിരുന്നു. ഇതോടെ സിനിമാരംഗത്തും ആരാധകര്‍ക്കും കുഞ്ഞുമോന്‍ ' ജെന്റില്‍മാന്‍ ' കെ.ടി.കുഞ്ഞുമോനായി. അന്നത്തെ ഇലക്ഷന്‍ കമ്മിഷണറായിരുന്ന ടി.എന്‍.ശേഷനാണ് അദ്ദേഹത്തിന് 'ജെന്റില്‍മാന്‍ ' എന്ന വിശേഷണം നല്‍കിയത്. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം കുഞ്ഞുമോന്‍,ഷങ്കര്‍, എ.ആര്‍. റഹ്മാന്‍ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം 'കാതലന്‍ 'പുറത്തിറങ്ങി. എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ട് താര പരിവേഷം തെല്ലുമില്ലാതിരുന്ന നൃത്ത സംവിധായകനായിരുന്ന പ്രഭു ദേവയെ നായകനാക്കി നിര്‍മ്മിച്ച കാതലനും ദൃശ്യ വിസ്മയം തീര്‍ത്തു സൂപ്പര്‍ ഹിറ്റായി.

ഇതോടെ കുഞ്ഞുമോന്‍ സിനിമകള്‍ പുറുറത്തിറങ്ങുന്ന കാലം തമിഴ് സിനിമാ പ്രേമികള്‍ക്ക് ഉത്സവകാലമായി. പക്ഷേ കാതലനോടെ കെ.ടി. കുഞ്ഞുമോന്‍ - ഷങ്കര്‍ കൂട്ടുകെട്ട് വഴിപിരിഞ്ഞു. തമിഴ് സിനിമാ പ്രേമികള്‍ക്ക് അപരിചിതരായ വിനീത്, തബു, പുതുമുഖ നായകന്‍ അബ്ബാസ് എന്നിവരെ നായികാനായകന്മാരാക്കി കതിരിന്റെ സംവിധാനത്തില്‍ ' കാതല്‍ ദേശം ' നിര്‍മിച്ചിറക്കി. ഈ ചിത്രവും ബോക്‌സോഫീസ് തൂത്തുവാരി. തമിഴ് നാടിനൊപ്പം ആന്ധ്രാ , കര്‍ണാടക എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിലേറെ കാലം ചിത്രം വിജയകരമായി പ്രദര്‍ശിപ്പിച്ചു.

കാതല്‍ ദേശത്തിലെ ഗാനങ്ങളിലൂടെ ഏ ആര്‍ റഹ്മാന്‍ ലോക പ്രശസ്തി നേടിയെടുത്തു. തുടര്‍ന്ന് തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജ്ജുനയെ തമിഴിലേക്കാനയിച്ചു കൊണ്ട് മറ്റൊരു ബ്രഹ്മണ്ഡമായ ചിത്രമായ രക്ഷകന്‍ നിര്‍മ്മിച്ചു. ഈ ചിത്രത്തിലൂടെ വിശ്വസുന്ദരി സുസ്മിതാ സെന്നിനെ നായികയായി വെള്ളിത്തിരയിലെത്തിച്ചു.