teg-pratha-yadhav-

പട്ന: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവിനെതിരെ മത്സരിക്കാൻ ഒരുങ്ങി ഭാര്യ ഐശ്വര്യ റായ്. വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. തുടർന്ന് വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയിൽ ഹർജി നൽകി.ഇതിന് പിന്നാലെയാണ് തേജിനെതിരെ ഐശ്വര്യ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.

വിവാഹമോചനത്തിനു ശേഷം രണ്ടു കുടുംബങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പോരാട്ടം വരെ എത്തിയിരിക്കുന്നത്. 2018ലാണ് ഇരുവരും തമ്മിലുള്ള ആഡംബരവിവാഹം നടന്നത്. ഐശ്വര്യയുടെ പിതാവും ബിഹാറിലെ ശക്തനായ നേതാവുമായ ചന്ദ്രിക റായ് ആര്‍.ജെ.ഡി വിട്ട് ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു. മഹുവ സീറ്റിൽ തേജിനെതിരെ മകളെ മത്സരിപ്പിക്കാനാണ് ചന്ദ്രിക റായ്‌യുടെ ശ്രമം. ഇതോടെ തേജ് വേറെ മണ്ഡലത്തിൽ മത്സരിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

‘ഞാൻ ഉത്തര ധ്രുവത്തിലും അവൾ ദക്ഷിണ ധ്രുവത്തിലുമാണ്. മാതാപിതാക്കൾക്ക് മുന്നിൽവച്ചുപോലും ഞങ്ങൾ തമ്മിൽ വഴക്കുണ്ടാക്കി. ഇനി അവളുമൊത്ത് ജീവിക്കാനാകില്ല. സന്തോഷമില്ലാതെ ജീവിക്കുന്നതിൽ കാര്യമില്ല’ തേജ് പ്രതാപ് പറഞ്ഞു.

വിവാഹമോചനത്തെക്കുറിച്ചുളള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.