പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാന പ്രതിപക്ഷമായ ആർ.ജെ.ഡിക്ക് തിരിച്ചടി. ലാലു പ്രസാദ് യാദവിന്റെ ദീർഘകാല സഹചാരികളിലൊരാളും മുതിർന്ന നേതാവുമായ രഘുവംശ് പ്രസാദ് സിംഗ് പാർട്ടി വിട്ടു. മുൻ കേന്ദ്ര മന്ത്രിയായ രഘുവംശ് പ്രസാദ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദൾ യുവിൽ ചേർന്നേക്കുമെന്നാണ് വിവരം.
ലാലു പ്രസാദ് യാദവ് ജനതാ ദളിൽ ആയിരുപ്പോഴും 1997ൽ ആർ.ജെ.ഡി. രൂപീകരിച്ചത് മുതലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നേതാവാണ് രഘുവംശ്.
നിലവിൽ കൊവിഡ് ബാധിച്ച് റാഞ്ചിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് രഘുവംശ്.
'കർപുരി ഠാക്കൂറിന്റെ മരണശേഷം ഞാൻ 32 വർഷം നിങ്ങളുടെ പിന്നിൽ നിന്നു. എന്നാൽ ഇനിയില്ല.' - സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൽ അദ്ദേഹം അറിയിച്ചു.
ലാലു പ്രസാദ് യാദവ് ജയിലിലായതിന് ശേഷം മകൻ തേജസ്വി യാദവ് നയിക്കുന്ന പാർട്ടിയിൽ രഘുവംശ് കുറച്ചുകാലമായി അസന്തുഷ്ടനായിരുന്നു. പാർട്ടി ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു.