donald-trump

ന്യൂഡല്‍ഹി: യു.എസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യാതൊരു കാരണവശാലും പാര്‍ട്ടി പേര് ഉപയോഗിക്കരുതെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നൽകി ബി.ജെ.പി നേതൃത്വം. യു.എസിലെ ബിജെപി അംഗങ്ങള്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏതു സ്ഥാനാര്‍ഥിയെ വേണമെങ്കിലും പിന്തുണയ്ക്കുകയോ പ്രചാരണത്തില്‍ പങ്കെടുക്കുകയോ ചെയ്യാം. എന്നാല്‍ പാര്‍ട്ടിയുടെ പേര് എവിടെയും പരാമര്‍ശിക്കരുത്. യു.എസുമായുള്ള പങ്കാളിത്തം ഭാവിയില്‍ കൂടുതല്‍ ശക്തമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വിദേശരാജ്യങ്ങളില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള വിജയ് ചൗതൈവാലെ പറഞ്ഞു.

യു.എസുമായി ഇന്ത്യയ്ക്ക് വളരെ ആഴത്തിലുള്ള നയതന്ത്ര ബന്ധവും യു.എസില്‍ ഓവര്‍സീസ് ഫ്രന്റ്‌സ് ഓഫ് ബി.ജെ.പിക്ക് റിപ്പബ്ലിക് പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോണള്‍ഡ് ട്രംപിന് ബി.ജെ.പി പിന്തുണ നല്‍കുന്നെന്ന പ്രതീതി ഒഴിവാക്കുന്നതിനാണ് ഈ നീക്കം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണത്തിന്, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ 'ഹൗഡി മോദി'യുടെയും ഈ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന 'നമസ്‌തേ ട്രംപ്'ന്റെയും ദൃശ്യങ്ങളാണ് ഉപയോഗിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യയില്‍ വേരുകളുള്ള കമല ഹാരിസിനെ നിര്‍ദേശിച്ചതില്‍ സന്തോഷവുമുണ്ട്. എന്നാല്‍ ഏതു തിരഞ്ഞെടുപ്പും ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ബി.ജെ.പിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും വിജയ് പറഞ്ഞു.