ന്യൂഡൽഹി: ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവർക്കുളള ശക്തമായ സന്ദേശമാണ് റാഫേൽ യുദ്ധവിമാനങ്ങളെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചെെന സംഘർഷങ്ങൾക്കിടെയാണ് ചെെനയുടെ പേരെടുത്ത് പറയാതെയുളള രാജ്നാഥ് സിംഗിന്റെ പരാമർശം. ഫ്രാൻസിൽ നിന്നും 59000 കോടി രൂപ ചിലവാക്കി വാങ്ങുന്ന 36 റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ അഞ്ചെണ്ണം ഇന്ന് വ്യോമസേനയുടെ ഭാഗമായി. ഇതിന് പിന്നാലെയാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം
"റാഫേൽ ലോകത്തിനും പ്രത്യേകിച്ച് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവർക്കുമുളള ശക്തമായ സന്ദേശമാണ്." റാഫേൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെ രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യ ശാന്തിയും സമാധനവും തകർക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും അയൽ രാജ്യങ്ങളിൽ നിന്ന് തിരിച്ചും ഇത് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
45 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ-ചെെന അതിർത്തിയിൽ വെടിവയ്പ്പ് ഉണ്ടാകുന്നത്. അതിർത്തി തർക്കങ്ങൾ സംബന്ധിച്ച കാര്യങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ഇന്ന് മോസ്ക്കോയിൽ കൂടികാഴ്ച നടത്തും. കഴിഞ്ഞ ദിവസം അതിർത്തിയിൽ കുന്തം, വാൾ എന്നിവ കെെയ്യിലേന്തി നിൽക്കുന്ന ചെെനീസ് സെെനികരുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താനുളള ശ്രമത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി അമേരിക്കയിൽ നിന്നും ആക്രമണ ഹെലികോപ്ടറുകളും റഷ്യയിൽ നിന്നും മിസെെൽ പ്രതിരോധ സംവിധാനവും വാങ്ങാൻ കരാറായി.
The induction of Rafale is a strong message for the world and especially for those who challenge India’s sovereignty. The induction is a very important step in light of the prevailing security conditions that prevail, or I would say, that have been created along India’s borders.
— Rajnath Singh (@rajnathsingh) September 10, 2020