sasi-tharoor-

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിക്കെതിരെ വാർത്ത നൽകിയ റിപ്പബ്ലിക് ടി.വി. ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.തനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ നൽകിയെന്ന് ചൂണ്ടിക്കാണിച്ച് തരൂർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

സുനന്ദയുടെ മരണത്തിൽ തരൂരിനെതിരെ അർണബ് നടത്തുന്ന അധിക്ഷേപകരമായ പരാമർശങ്ങൾ കർശനമായി ഒഴിവാക്കണമെന്നും കോടതി നിർദേശം നൽകി. സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമാണെന്ന് കുറ്റപത്രത്തിൽ പറയുന്നില്ല. എന്നാൽ അർണബ് തന്റെ ചാനലിലൂടെ മരണം കൊലപാതകമാണെന്ന തരത്തിലാണ് വാദിക്കുന്നതെന്നും തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു.കേസിൽ മാദ്ധ്യമ വിചാരണ പാടില്ലെന്ന് 2017-ൽ കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനെ മറികടന്നാണ് അർണബ് തരൂരിനെതിരെ അപകീർത്തികരമായ വാർത്തകൾ നൽകുന്നതെന്നും കപിൽ ചൂണ്ടിക്കാണിച്ചു.

അന്വേഷണം പുരോഗമിക്കുന്ന ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാദ്ധ്യമങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും കേസന്വേഷണത്തിന്റെയും തെളിവുകളുടെയും പവിത്രത മാനിക്കണമെന്നും അർണബിന് അയച്ച നോട്ടീസിൽ കോടതി പറഞ്ഞു. ക്രിമിനൽ കേസുകളിൽ സമാന്തര മാദ്ധ്യമ വിചാരണ നടത്തുന്നതിൽനിന്ന് മാദ്ധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും കോടതി പറഞ്ഞു.