us-election-

വാഷിംഗ്ടൺ : നവംബ‌‌റിൽ നടക്കാൻ പോകുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാർ മുതൽ വയോധികർ വരെ പോളിംഗ് ബൂത്തുകളിലേക്ക് പോകും. ഇത്തവണത്തെ ഇലക്ഷന് ഒരു പ്രത്യേകത ഉണ്ട്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും പ്രായം കൂടിയ രണ്ട് സ്ഥാനാർത്ഥികൾ ഏറ്റുമുട്ടാൻ പോകുന്നത്. ബൈഡനേക്കാൾ അല്പം പ്രായക്കുറവുള്ളതിനാൽ തന്നെ ബൈഡന്റെ പ്രായവും ആരോഗ്യവും ട്രംപ് ആയുധമാക്കിക്കഴിഞ്ഞിരുന്നു. വെറും മൂന്ന് വയസ് മാത്രമാണ് ബൈഡനിൽ നിന്നും ട്രംപിന് കുറവുള്ളത്. എന്നിട്ടും ബൈഡനെ ട്രംപ് വിശേഷിപ്പിക്കുന്നത് സ്റ്റാമിന ഇല്ലാത്ത മനുഷ്യൻ എന്നൊക്കയാണ്. പക്ഷേ, ബൈഡന് അതൊരു പ്രശ്നമല്ല. പ്രായത്തെ കുറിച്ച് ചോദിച്ചാൽ അതിലിത്ര ആശങ്കപ്പെടാനെന്താണെന്നും വേണമെങ്കിൽ ഒരു മൽപ്പിടുത്തത്തിന് തയാറാണെന്നുമാണ് ബൈഡൻ പറയുന്നത്. ഏതായാലും രണ്ട് പേരുടെയും ഊർജസ്വലതയും ആരോഗ്യവുമൊക്കെ തിരഞ്ഞെടുപ്പ് ദിവസം വരെ ചർച്ചാ വിഷയം തന്നെയാകും.

 ബൈഡൻ

1973ൽ ഡെലാവെയറിൽ നിന്നും സെനറ്ററായാണ് ബൈഡൻ ചരിത്രം കുറിച്ചത്. യു.എസിലെ ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ സെനറ്റർ ആണ് ബൈഡൻ. 30ാം വയസിലാണ് ബൈഡൻ സെനറ്റർ സ്ഥാനത്ത് എത്തിയത്. ഇപ്പോൾ ബൈഡന് 77 വയസുണ്ട്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ബൈഡന് പ്രായം 78 ആകും. നവംബർ 20നാണ് ബൈഡന്റെ ജന്മദിനം. ഒരു പക്ഷേ, ബൈഡൻ വിജയിച്ച് ഒന്നാം സർക്കാരിന്റെ കാലാവധി അവസാനിച്ച് രണ്ടാം തവണയും മത്സരിക്കാൻ തുനിയുകയാണെങ്കിൽ അപ്പോൾ പ്രായം 82 ആകും. അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്താൽ തന്നെ ബൈഡന് പിന്നീട് ഭരണത്തുടർച്ച ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

 ട്രംപ്

ജൂൺ 14ന് ട്രംപിന് 74 വയസായി. 2016ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി എന്ന റെക്കോർ‌ഡ് ട്രംപ് സ്വന്തമാക്കിയിരുന്നു. ഭരണത്തുടർച്ച ഉണ്ടായാൽ 78ാം വയസിലാകും ട്രംപ് വൈറ്റ്ഹൗസിന്റെ പടിയിറങ്ങുക.

 അപ്പോൾ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ട്രംപ് ആണോ ?

പ്രസിഡന്റ് പദത്തിലെത്തിയ ഏറ്റവും പ്രായം കൂടി സ്ഥാനാർത്ഥി ട്രംപ് ആണെങ്കിലും കാലാവധി പൂർത്തിയാക്കി പ്രസിഡന്റ് പദവിയിൽ നിന്നും പടിയിറങ്ങിയത് റൊണാൾഡ് റീഗൻ ആണ്. പ്രസിഡന്റ് പദവി ഒഴിയുമ്പോൾ റീഗന് 77 വയസും 349 ദിവസവും തികഞ്ഞിരുന്നു. അതായത് ഇത്തവണ ട്രംപ് ജയിച്ചാൽ റീഗന്റെ റെക്കോർഡ് തകർക്കും. അതേ സമയം ബൈഡൻ ജയിച്ചാൽ ട്രംപിന്റെയും റീഗന്റെയും റെക്കോർഡ് ഒരുമിച്ച് തകർത്ത് യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന് സ്ഥാനം സ്വന്തമാക്കും.

 പ്രായം കുറ‌ഞ്ഞവർ

പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി തിയഡോർ റൂസ്‌വെൽറ്റ് ആണ്. 1901ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രായം 42 വയസ്. 1963ൽ 46ാം വയസിൽ പ്രസിഡന്റ് ജോൺ എഫ് കെന്നഡി കൊല്ലപ്പെട്ടതോടെ കാലാവധി അവസാനിച്ച ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അദ്ദേഹം മാറി.