
ഇസ്‌ലാമാബാദ് : ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പർ സ്റ്റാറും നടനുമായ ജോൺ സീനയെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം. പക്ഷേ, പാകിസ്ഥാനിലെ പെഷവാറിലെ ഒരു കോളേജിലെ അധികൃതർക്ക് പുള്ളിയെ അത്ര പരിചയമില്ലെന്ന് തോന്നുന്നു. ജോൺ സീനയെ മാത്രമല്ല, നമ്മുടെ അണ്ടർടേക്കറിനേയും. രണ്ട് പേരുടെയും പേര് കോളേജിലെ ഡിഗ്രി പ്രവേശനത്തിനുള്ള ഓൺലൈൻ മെറിറ്റ് ലിസ്റ്റിലുണ്ട്. പെഷവാറിലെ ഇസ്‌ലാമിയ കോളേജിൽ ബാച്ചിലർ ഒഫ് കമ്പ്യൂട്ടർ സയൻസ് പ്രോഗ്രമിനാണ് ജോൺ സീനയ്ക്ക് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്. ! അമളി വൈറലായതോടെ പാക് സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയാണ്.
ബിരുദം നേടുന്ന ജോൺ സീനയുടെ ചിത്രങ്ങളൊക്കെ ഇതിനോടകം ട്രോളുകളിൽ നിറഞ്ഞു. മെറിറ്റ് ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് ജോൺ സീന. ഞെട്ടിക്കുന്ന മറ്റൊരു കാര്യം ലിസ്റ്റിൽ ജോൺ സീനയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അണ്ടർടേക്കർ എന്നാണുള്ളത്. ! ആരോ വ്യാജ പേരും വിവരങ്ങളും ഉപയോഗിച്ച് ലിസ്റ്റിൽ മനഃപൂർവം കൃത്രിമത്വം കാട്ടിയതാണെന്നും ജോൺ സീനയുടെ പേര് പട്ടികയിൽ നിന്നും നീക്കം ചെയ്തെന്നുമാണ് കോളേജ് അധികൃതരുടെ വിശദീകരണം. നേരത്തെ, സമാന രീതിയിൽ കൊൽക്കത്തയിലെ അശുതോഷ് കോളേജ് ഓൺലൈനായി പ്രസിദ്ധീകരിച്ച ഡിഗ്രി പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റിന്റെ ഒന്നാം സ്ഥാനത്ത് നടി സണ്ണി ലിയോണിന്റെ പേര് കടന്നുകൂടിയത് വൈറലായിരുന്നു. ബി.എ ഇംഗ്ലീഷ് പ്രവേശനത്തിനുള്ള ലിസ്റ്റിലായിരുന്നു സണ്ണി ലിയോണിന്റെ പേര്.