india-china

മോസ്കോ: അതിർത്തി തർക്കങ്ങൾക്കിടയിൽ ഇന്ത്യ-ചെെന ചർച്ച ആരംഭിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ലഡാക്ക് അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

റഷ്യയിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത്. ചർച്ചയിലൂടെ അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇരുരാജ്യങ്ങളും. നേരത്തെ റഷ്യൻ വിദേശകാര്യ മന്ത്രി സേർജി ലെവ്റോവും ജയ്ശങ്കറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം, അന്താരാഷ്ട്ര വിഷയങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ ഇരുമന്ത്രിമാരും ചർച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

45 വർഷങ്ങൾക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ വെടിവയ്പ്പിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്. വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ഈ കൂടിക്കാഴ്ച അവസാനത്തെ അവസരമാണെന്നാണ് ചൈനീസ് സർക്കാരിന്റെ കീഴിലുളള ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. ഇത് പരാജയപ്പെട്ടാൽ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ സാധ്യതയില്ലെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ ഗണ്യമായി സൈനികശക്തി വർദ്ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ.