ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ പതിവായി പങ്കെടുക്കുന്ന ശീലമാണ് നടി അനുശ്രീക്കുള്ളത്.. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വീടുകളിലേക്ക് ഒതുങ്ങുകയായിരുന്നു. എന്നാൽ പതിവ് തെറ്റിക്കാതെ ജന്മാഷ്ടമി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി എത്തുകയാണ് താരം. കൃഷ്ണന്റെ പ്രിയപ്പെട്ട രാധയാണ് അനുശ്രീ എത്തുന്നത്. രാധാമാധവം എന്ന പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവെച്ചത്.
ശ്രീകൃഷ്ണനൊപ്പം ഊഞ്ഞാലാടുന്ന രാധയായാണ് അനുശ്രീ എത്തുന്നത്. നീല ദാവണിയിൽ നിറയെ ആഭരണങ്ങളും അണിഞ്ഞാണ് രാധയായി താരം മാറിയത്. മഞ്ഞപ്പട്ടും കയ്യിൽ ഓടക്കുഴലും തലയിൽ മയിൽപീലിയും ചൂടി നിൽക്കുന്ന കൃഷ്ണനേയും കാണാം. പവിഴമാണ് കൃഷ്ണന്റെ വേഷത്തിൽ എത്തുന്നത്. കൃഷ്ണന്റേയും രാധയുടേയും പ്രണയനിമിഷങ്ങൾ നിധിൻ നാരായൺ ഗുരുവായൂരാണ് പകർത്തിയിരിക്കുന്നത്. പിങ്കി വിശാലാണ് മേക്കപ്പ്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ.
എല്ലാ വർഷവും ശ്രീകൃഷ്ണ ജയന്തിക്ക് നാട്ടിലെ ബാലഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ അനുശ്രീ പങ്കെടുക്കാറുണ്ട്. ഭാരതാംബയായിട്ടാണ് അനുശ്രീ വേഷമിടാറുള്ളത്. ഇതിന്റെ പേരിൽ താരത്തിന് സൈബർ ആക്രമണവും നേരിടേണ്ടിവന്നിട്ടുണ്ട്.